November 25, 2008

അമൃതയില്‍ വെള്ളി സിനിമകള്‍

വെള്ളിയാഴ്ചകളില്‍ വൈകീട്ട് ഏഴു മണി മുതല്‍ ഇനി സിനിമകളാണ്‌ അമൃത ടിവിയില്‍.പതിവ് സീരിയല്‍-റിയാലിറ്റി പ്രകടനങ്ങള്‍ ഇനി തിങ്കള്‍ മുതല്‍ വ്യാഴം വരെ മാത്രം. വൈകുന്നേരങ്ങളിലെ സിനിമാ ടെലികാസ്റ്റ് എന്ന പതിവ് പണ്ടു പണ്ട് സൂര്യ ടിവി ക്കുണ്ടായിരുന്നു. സീരിയലുകളുടെ മഹാപ്രവാഹത്തില്‍ അതെല്ലാം മാറ്റപ്പെട്ടു. പിന്നീട് കിരണ്‍ ടിവി യുടെ വരവോടെയാണ്‌ വൈകുന്നേരങ്ങളില്‍ സിനിമയെന്ന പതിവ് തുടങ്ങിയത്. കിരണിന്‌ പകരക്കാരായി വന്ന ഏഷ്യാനെറ്റ് പ്ലസ്സും, കൈരളി വീ ചാനലും ഇതേ രീതിയില്‍ വൈകീട്ട് സിനിമകള്‍ കാണിക്കുവാന്‍ തുടങ്ങി. ഇപ്പോഴിതാ അമൃതയും. അമൃത വെള്ളിയാഴ്ച തെരഞ്ഞെടുക്കുവാന്‍ ഒരു കാരണം കൂടിയുണ്ട്, മലയാള ടെലിവിഷന്‍ പ്രേക്ഷകരില്‍ നല്ലൊരു ഭാഗം വരുന്ന ഗള്‍ഫില്‍ അന്ന് അവധി ദിനമാണല്ലോ.

November 20, 2008

അഭയ കേസ് | വര്‍ഗ്ഗീസ് പി തോമസ് | അഭിമുഖം നാളെ

സിസ്റ്റര്‍ അഭയ കേസന്വേഷണം നടത്തിയ മുന്‍ സിബീഐ ഉദ്യോഗസ്ഥന്‍, വര്‍ഗ്ഗീസ് പി തോമസ്, തന്റെ കേസന്വേഷണ നിഗമനങ്ങളും അനുഭവങ്ങളും,അവസാനം ഈ ജോലിതന്നെ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യങ്ങളെപ്പറ്റിയും മനസ്സു തുറന്ന് പറഞ്ഞ സൂര്യ ടിവിയുടെ
' വര്‍ത്തമാനം' എന്ന പരിപാടി, പുന:സംപ്രേക്ഷണം ചെയ്യുന്നു. ഈ കേസന്വേഷണത്തിനിടെ താന്‍ നേരിട്ട ദുരനുഭവങ്ങളെപ്പറ്റി പറഞ്ഞ അദ്ദേഹം വികാരഭരിതനായിട്ടാണ് സംസാരം അവസാനിപ്പിച്ചത്. 'വര്‍ത്തമാനം' ഈ ശനിയാഴ്ച ഇന്ത്യന്‍ സമയം, രാത്രി പതിനൊന്നു മണിക്ക്. വര്‍ഗ്ഗീസ് പി തോമസുമായി അഭിമുഖം നടത്തിയത് സൂര്യ ന്യൂസ് ബ്യൂറോ ചീഫ് അനില്‍ നമ്പ്യാര്‍.

October 25, 2008

വിവേക് Vs അബ്ദുള്‍ കലാം !


പ്രശസ്ത തമിഴ് ഹാസ്യതാരം വിവേക് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിനെ ഇന്റര്‍വ്യൂ ചെയ്യുന്നുവെങ്കില്‍ എങ്ങിനെയിരിക്കും !?
ആ വിശേഷം നേരില്‍ കാണുവാനവസരമൊരുക്കുന്നു സണ്‍ ടിവി. ദീപാവലി ദിനത്തില്‍ രാവിലെ ഒന്‍പതു മണിക്കാണ്‌ സണ്‍ ടിവി ഈ പ്രത്യേക അഭിമുഖം സംപ്രേക്ഷണം ചെയ്യുന്നത്. " ശിഖരം കണ്ടേന്‍" ഒക്ടോബര്‍ ഇരുപത്തി ഏഴാം തിയതി രാവിലെ ഒന്‍പതിനു്‌. വിശദവിവരങ്ങള്‍ ഇവിടെ.

September 21, 2008

പുതിയ മലയാളം ചാനല്‍

സണ്‍ നെറ്റ്വര്‍ക്കില്‍ നിന്നും പുതിയൊരു മലയാളം ചാനല്‍ കൂടി. ഇരുപത്തി നാലു മണിക്കൂറും ചിരിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് മലയാളത്തിലെ ആദ്യത്തെ മുഴുനീള കോമഡി ചാനല്‍ "ചിരിത്തിര". കഴിഞ്ഞയാഴ്ചയാണ് സണ്‍ തമിഴില്‍ കോമഡി തിരൈ എന്ന ചാനല്‍ ആരംഭിച്ചത്. തുടര്‍ന്ന് തെലുങ്കിലും കന്നഡയിലും കോമഡി ചാനലുകള്‍ അനൗണ്‍സ് ചെയ്ത സണ്‍ ഇപ്പോള്‍ മലയാളത്തിലും പുതിയ ചാനല്‍ അനൗണ്‍സ് ചെയ്തിരിക്കുന്നു. ഉടനെ ചാനല്‍ പ്രവര്‍ത്തനമാരംഭിക്കും. പിന്നെ ഒരു വിശേഷം, സണ്‍ ഡയറക്ട് ഡി ടി ഏച്ച് മുഖേന മാത്രമേ ഈ പുതു ചാനല്‍ കാണാനാവൂ!! കേബിള്‍ ടിവി വഴിയോ, ഡിഷ് ആന്റിന വഴി വിദേശ മലയാളികള്‍ക്കോ ഈ ചാനല്‍ ആസ്വദിക്കാനാവില്ല.

എന്തായാലും ഒരു പുതിയ ട്രെന്റിനു്‌ സണ്‍ തുടക്കം കുറിച്ചിരിക്കുകയാണ്‌. ഡി ടി എച്ചിലൂടെ മാത്രം ലഭിക്കുന്ന ചാനലുകള്‍ !

September 8, 2008

പുതിയ ചാനല്‍ - ഇന്നു മുതല്‍

സണ്‍ നെറ്റ്വര്‍ക്കില്‍ നിന്നും ഇരുപത്തി ഒന്നാമത്തെ ടെലിവിഷന്‍ ചാനല്‍. തെക്കെ ഇന്ത്യയിലാദ്യമായി കോമഡിക്കായി മുഴുവന്‍ സമയ ചാനല്‍ -
കോമഡി തിരൈ. ഇന്ന് സം പ്രേക്ഷണം ആരംഭിച്ചു. വേറെയുമുണ്ട് പ്രത്യേകതകള്‍. സണ്‍‍ ഡയറക്ട് ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ ചാനല്‍ കാണാനാവൂ. അതായത്, കേബിള്‍ ടിവി കണക്ഷന്‍ വഴിയോ, മറ്റു ഡിടീച്ച് കണക്ഷനുകള്‍ വഴിയോ, സി ബാന്റ് ഡിഷ് ആന്റിന മുഖേനയോ ഈ ചാനല്‍ ലഭ്യമല്ല. സണ്‍ ഡയറക്ടില്‍ തമിഴ് ബേസിക് പാക്കേജിലാണ്‌ ഈ ചാനല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 42 എഫ് എം സ്റ്റേഷനുകളടക്കം ഇരുപതിലധികം ടെലിവിഷന്‍ ചാനലുകളും, MPEG4 ഡി ടി ഏച്ച് സേവനവുമായി സണ്‍ ഇപ്പോള്‍ ഇന്ത്യയിലെ നമ്പര്‍ ഒണ്‍ മീഡിയ നെറ്റ്വര്‍ക്കായി മാറിയിരിക്കുകയാണ്‌. ഈ മേഖലയിലെ താപ്പാനകളായ സീ നെറ്റ് വര്‍ക്കിനെയും സ്റ്റാര്‍ ഗ്രൂപ്പിനേയും ബഹുദൂരം പിന്നിലാക്കിയാണ്‌ സണ്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.


August 26, 2008

കേരളത്തിന്റെ നാദം


അഞ്ചിനും പതിനഞ്ചിനും ഇടക്ക് പ്രായമുള്ളവരില്‍ നിന്നും മികച്ച ഒരു ഗായികയെ അല്ലെങ്കില്‍ ഗായകനെ കണ്ടെത്തുവാനായി സൂര്യ ടിവിയില്‍ ഇന്നലെ പുതിയൊരു ഷോ ആരംഭിച്ചിരിക്കുന്നു. വോയ്സ് ഓഫ് കേരള. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി രണ്ടു കിലോ സ്വര്‍ണ്ണമാണ്‌ കിട്ടുക. രണ്ടാം സമ്മാനമായി കാറും വേറെയും സമ്മാനങ്ങളുമൊക്കെയുണ്ടെന്ന് കാണുന്നു. ആദ്യ ഭാഗം ഇന്നലെ രാത്രി എട്ടു മണിമുതല്‍ ആരംഭിച്ചു. തികഞ്ഞ മലയാളത്തില്‍ തന്നെ അവതരിപ്പിച്ചു ഷോ മുന്നോട്ട് കൊണ്ടുപോവുന്നുണ്ട് ഗായിക കൂടിയായ രഞ്ജിനി ജോസ്. സംഗീത സംവിധായകന്‍ അലക്സ് പോള്‍, ഗായിക ചിത്ര അയ്യര്‍ എന്നിവരാണ്‌ സ്ഥിരം വിധികര്‍ത്താക്കള്‍. കൂടാതെ അതിഥിയായി ജഗദീഷായിരുന്നു ഇന്നലെ. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കൈതപ്രം വിശ്വനാഥന്‍ എന്നിവരും ജഗദീഷും ചേര്‍ന്നു്‌ ഭദ്രദീപം കൊളുത്തി ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ആദ്യ എപ്പിസോഡ് തന്നെ സാമാന്യം നല്ല നിലവാരത്തില്‍ തന്നെ അവതരിപ്പിക്കപ്പെട്ടു. പതിവിനു വിപരീതമായി കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും മല്‍സരാര്‍ഥികളുണ്ടെന്നതാണത്രേ വോയ്സ് ഓഫ് കേരളയുടെ ഒരു പ്രത്യേകത.

നല്ലൊരു സവിശേഷതയായി എനിക്കു തോന്നുന്നത്, എസ്.എം.എസ് മായാജാലം ഇതിലില്ലെന്നതാണ്‌. ജഡ്ജസ് തന്നെയാണ്‌ വിധി കര്‍ത്താക്കള്‍. എസ് എം എസ് അല്ല. സൂര്യയിലെ തന്നെ മറ്റു ഷോകളിലൊന്നും എസ്.എം.എസ് രീതിയില്ല. ഇക്കാര്യത്തില്‍ സൂര്യ ടിവി വേറിട്ടു നില്‍ക്കുന്നു. മാത്രമല്ല, പാട്ടു പാടിയാല്‍ മതി..ഒപ്പം "നൃത്തമാടേണ്ട"!!

ഇത്തരം സംരംഭങ്ങള്‍ ഇനിയും വരട്ടേയെന്നും പ്രേക്ഷകപ്രീതി നേടട്ടേ എന്നും ആശംസിക്കുന്നു.

August 25, 2008

മനോരമ ന്യൂസിനു്‌ അവാര്‍ഡ്

എയര്‍ടെല്‍ ഇതാദ്യമായി ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് അവാര്‍ഡുകള്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്യുകയുണ്ടായി. ഇതില്‍ Strongest Regional Language News Broadcaster 2008 എന്ന വിഭാഗത്തില്‍ മനോരമ ന്യൂസാണ്‌ അവാര്‍ഡ് നേടിയത്. ഇന്ത്യയിലെ വാര്‍ത്താ ചാനലുകളെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ ഒരു മല്‍സരമായിരുന്നു, അത്. സി എന്‍ എന്‍-ഐ ബി എന്‍, എന്‍ ഡി ടി വി, ഹെഡ്ലൈന്‍സ് ടുഡേ, ടൈംസ് നൗ എന്നീ ചാനലുകള്‍ക്കുമുണ്ട് പല വിഭാഗങ്ങളിലായി അവാര്‍ഡുകള്‍. മലയാളത്തിന് ഈ അംഗീകാരം നേടിത്തന്ന മനോരമ ന്യൂസ് ചാനല്‍ കുടുംബത്തിന്‌ അഭിനന്ദനങ്ങള്‍.

റിലയന്‍സ് ഡി ടി എച്ച്

ഇന്ത്യയിലെ രണ്ടാമത്തെ MPEG4 ഡി ടി എച്ച് നെറ്റ്വര്‍ക്ക്, റിലയന്‍സ് ബിഗ് ടിവി വരവായി. മലയാളം പാക്കേജ് 1990 രൂപക്കും 2190 രൂപക്കുമാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാലും എല്ലാ മലയാളം ചാനലുകളും ഈ പാക്കേജുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ്‌ ഡിഷ് ടിവിയും ടാറ്റാ സ്കൈയും പോലെ ബിഗ് ടിവിയിലും കാണുന്നൊരു ന്യൂനത. ബിഗ് ടിവിയില്‍ പിക് ചര്‍ ഇന്‍ പിക് ചര്‍ സൗകര്യവും സണ്‍ ഡൈറക്റ്റില്‍ മൊസൈക് സൗകര്യവും ലഭ്യമാണ്‌.

August 24, 2008

ഓണം ഓഫര്‍

ഏറ്റവുമധികം മലയാളം ചാനലുകളുള്ള ഏക പാക്കേജാണ്‌ സണ്‍ ഡയറക്റ്റ് എന്നതിനാലും (15 മലയാളം ചാനലുകള്‍) MPEG4 ടെക്നോളജിയായതിനാലും സംഭവം കൊള്ളാം. മാത്രമല്ല, സണ്‍ ഡയറക്റ്റാണ്‌ ഏറ്റവും ചുരുങ്ങിയ തുകക്ക്‌ ഡി.ടി.എച്ച് സേവനം നല്‍കുന്നത്.

പുതിയ ഓണം ഓഫര്‍‍ കാണുക.
വിശദമായി കാണുവാന്‍ ചിത്രത്തില്‍ ഞെക്കുക.

August 11, 2008

കെ.കെ.രാജീവ്

കെ.കെ.രാജീവ് - സക്കായി മാപ്ല - കലാശാല ബാബു

മലയാള ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയനായ സംവിധായകന്‍ കെ.കെ.രാജീവ്, താന്‍ ചെയ്ത വര്‍ക്കുകള്‍ കൊണ്ടു മാത്രം പ്രശസ്തനായ ഒരു പ്രതിഭയാണ്‌. എന്റെ പരിമിതമായ ഓര്‍മ്മകളില്‍‍ പരതുമ്പോള്‍ "പ്രയാണം"ആണദ്ദേഹത്തിന്റെ ആദ്യ സീരിയല്‍, സാറ്റലൈറ്റ് ചാനലുകളില്‍. വി.പി.രാമചന്ദ്രന്‍ പ്രധാന വേഷത്തിലഭിനയിച്ച ആ സീരിയല്‍ സൂര്യ ടിവിയിലായിരുന്നു. അന്ന് ഇന്നത്തെപ്പോലെ മെഗാ സീരിയല്‍ സംസ്കാരം കേരളത്തിലെത്തിയിട്ടില്ല. ആഴ്ചയിലൊരിക്കല്‍ ഒരെപ്പിസോഡ്. അതിനു ശേഷം സൂര്യയില്‍ത്തന്നെ "പെയ്തൊഴിയാതെ". ജയഭാരതിയും തിലകനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ആ സീരിയല്‍ വളരെ ശ്രദ്ധേയമായിരുന്നു. മല്ലിക സുകുമാരന്‍, പൂര്‍ണ്ണിമ, മായാ മൗഷ്മി, ഇബ്രാഹിം കുട്ടി ഇവരൊക്കെയായിരുന്നു മറ്റു താരങ്ങള്‍. മലയാള സീരിയല്‍ രംഗത്ത് ഒരു പുതിയൊരനുഭവമായിരുന്നു "പെയ്തൊഴിയാതെ". ഒരു വന്‍ ഹിറ്റായിരുന്നു ആ സീരിയല്‍. പിന്നീട് ഒന്നിനു പിറകെ മറ്റൊന്നായി സൂര്യയില്‍ തന്നെ കെ.കെ.രാജീവ് സീരിയലുകള്‍ തുടര്‍ന്നു. പൊരുത്തം, വേനല്‍ മഴ... ഇതില്‍ വേനല്‍ മഴ വളരെ നല്ലൊരു പ്രൊജക്റ്റായിരുന്നു. മമ്മൂട്ടിയുടെ അനുജന്‍ ഇബ്രാഹിം കുട്ടിയായിരുന്നു നിര്‍മ്മാതാവ്‌. രതീഷ്, ശ്രീവിദ്യ എന്നിവര്‍ പ്രധാന വേഷങ്ങളില്‍. അതിനു ശേഷം ഏഷ്യാനെറ്റ് ക്യാമ്പിലെത്തിയ രാജീവിന്റെ അമ്മ മനസ്സായിരുന്നു ഏറ്റവും പേരുകേട്ട വര്‍ക്ക്.

"കുടുംബയോഗം" - മലയാള സീരിയല്‍ സങ്കല്പങ്ങള്‍ക്കെതിരെ സഞ്ചരിക്കുന്നൊരു കഥയുമായി എത്തിയ കെ.കെ.രാജീവിന്‌ ഇത്തവണ താവളമായത് സൂര്യ ടിവിയായിരുന്നു. അതീന്ദ്രിയ ജ്ഞാനമുള്ളോരു പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചൊരു കഥ. അവിശ്വസനീയമായി തോന്നാവുന്ന അല്‍ഭുത സിദ്ധികളുള്ള മറ്റു കഥാപാത്രങ്ങളും. ഈ സീസണില്‍ ഗുരുവായൂരപ്പന്‍ കഴിഞ്ഞാല്‍ ഏറ്റവും നിലവാരമുള്ള സീരിയലായിരുന്നു കുടും‍ബയോഗം. കുടുംബയോഗത്തില്‍ ആദ്യം മുതല്‍ അവസാനം വരെ തിളങ്ങിയൊരു കഥാപാത്രമുണ്ട്. നായകന്‍ സക്കായി മാപ്ല. അനുഗ്രഹീത നടന്‍ കലാശാല ബാബു തകര്‍ത്തഭിനയിച്ച വേഷം. കുടുംബയോഗത്തില്‍ മറക്കാനാവാത്ത മൂന്നു കഥാപാത്രങ്ങളുണ്ട്. ഒരു പക്ഷേ, ഒരു കെ.കെ.രാജീവ് പരമ്പരയില്‍ മാത്രം കാണാവുന്ന നല്ല ഡെപ്തുള്ള പാത്ര സൃഷ്ടികള്‍. സക്കായി മാപ്ല, ആശ്രിതനും എന്തിനും കൂട്ടുനില്‍ക്കുന്നവനുമായ വത്തിക്കാന്‍, ഒപ്പം എല്ലാം സഹിക്കുകയും സ്വയം ഏറ്റുവാങ്ങുകയും അപൂര്‍വ്വമായി പൊട്ടിത്തെറിക്കുകയും ചെയ്യുന്ന തത്തമ്മ.

കലാശാല ബാബുവിന്റെ പ്രകടനം തന്നെയാണ്‌ കൂട്ടത്തില്‍ മികച്ചുനിന്നത്. സക്കായിയെന്ന ക്രൂരനായി, തന്റെ കാര്യ സാധ്യത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്തവനായി, ക്രൗര്യം തുളുമ്പുന്ന ഭാവങ്ങളുമായി ബാബു ആ വേഷം അനശ്വരമാക്കി.

നല്ലൊരു പരമ്പരയായിട്ടുകൂടി അകാലത്തില്‍ പൊലിയേണ്ടി വന്ന അവസ്ഥയായിരുന്നു കുടുംബയോഗത്തിനും. ഇവിടെ വില്ലനായത് റേറ്റിംഗാണ്‌. പൂര്‍ണ്ണമായും പ്രൈം ടൈം റേറ്റിംഗ് അടിസ്ഥാനമാക്കി മുന്നോട്ട് നീങ്ങുന്ന സൂര്യയില്‍ കുടുംബയോഗത്തിന്‌ വഴിമാറിക്കൊടുക്കേണ്ടിവന്നു. സ്ഥിരം സീരിയല്‍ ട്രാക്കില്‍ നിന്നും മാറി കണ്ണീരിന്‌ പ്രാധാന്യം നല്‍കാതെ ഒരു പരീക്ഷണ പരമ്പരയുമായി വന്ന കെ.കെ.രാജീവിനെ പ്രേക്ഷകര്‍ കാര്യമായി തുണച്ചില്ല.

ഇത്തരം ഒരു പ്രൊജക്ടുമായി സഹകരിച്ച സൂര്യ ടിവി, ഇനിയും പുതുമകളുമായി വരുന്ന രാജീവുമാരെ സ്വാഗതം ചെയ്യണമെന്നാണ്‌ പ്രേക്ഷകന്റെ അഭിപ്രായം.

ഒളിക്യാമറ - ആരാണ്‌ പ്രതി?

ക്യാമറ മൊബൈലുകളുടെ വ്യാപക പ്രചാരവും, അവയുടെ ഗുണ ദോഷങ്ങളും ബൂലോകത്തിലും പത്ര മാസികകളിലും ധാരാളം ചര്‍ച്ച ചെയ്യപ്പെട്ട വിഷയം തന്നെ. ദിനം പ്രതി 3GP വീഡിയോകള്‍ പുറത്തിറങ്ങുന്നുമുണ്ട്. അങ്ങനെ അടുത്തിടെ ഇ-മെയിലുകള്‍ വഴി പ്രചരിച്ച ഒരു വീഡിയൊ - ഒരു ലേഡീസ് ടോയ് ലെറ്റിനു മുകളില്‍ നിന്നും എടുത്ത ദൃശ്യങ്ങള്‍. തങ്ങളുടെ താല്പര്യമനുസരിച്ച് ഒരോരോ കോളേജിന്റെ പേരും ചേര്‍ത്ത് പലരും അത് ഫോര്‍വേഡ് ചെയ്തു കൊണ്ടിരുന്നു.

പക്ഷേ, ഈ വീഡിയോ എടുത്തവനെ അല്ലെങ്കില്‍ എടുത്തവരെ കടത്തി വെട്ടി, നമ്മുടെ ഇന്ത്യാ വിഷന്‍ ഇന്നലെ ! പലരും കണ്ടുകാണും. ഇന്ത്യാ വിഷന്റെ ന്യൂസ് നൈറ്റില്‍ ഇതായിരുന്നു മെയിന്‍ സബ്ജക്റ്റ്. ഈ വീഡിയോ വിശദമായി സ്ക്രീനില്‍ തുടര്‍ച്ചയായി ഇരുപത് മിനിറ്റിലധികം പ്രദര്‍ശിപ്പിച്ച് ഇന്ത്യാവിഷന്‍ കാണികളെ നാണിപ്പിച്ചു കളഞ്ഞു. ഇന്റര്‍നെറ്റ് വഴി എത്ര പ്രചരിച്ചാലും ഒരു ചിത്രത്തിനോ വീഡിയോയ്ക്കോ എത്താവുന്നതിനൊരു പരിധിയുണ്ട്. എന്നാല്‍ ടെലിവിഷന്‍ വഴി പ്രൈം ടൈമില്‍ സംപ്രേക്ഷണം ചെയ്യുന്നൊരു വിഷ്വലിന്റെ റീച്ച് അത്ര വലുതാണ്‌. കേരളത്തിനു പുറത്തും വിദേശരാജ്യങ്ങളിലുമെല്ലാം ഇന്ന് മലയാളം ചാനലുകള്‍ എത്തുന്നു. ഇത്രയും കാലം ഇതൊന്നും കണ്ടിട്ടില്ലാത്ത (കേട്ടിരിക്കാം) എത്രയോ ആളുകള്‍ക്ക് സംഭവം വിശദമായി കാട്ടിക്കൊടുക്കാനേ ഇതുപകരിക്കൂ. ഇതിനെക്കുറിച്ച് ഒരു ചര്‍ച്ച നടത്തി ജനങ്ങളെ നല്ല നടപ്പ് പഠിപ്പിക്കാനോ, ഇതില്ലായ്മ ചെയ്യാനോ, കൂടുതല്‍ ശ്രദ്ധിച്ച് ജീവിക്കണമെന്നോര്‍മ്മിപ്പിക്കാനോ ഒന്നുമായിരുന്നില്ല ചാനലിന്റെ ഉദ്ദേശ്യം എന്ന് വ്യക്തം. കൊടിയ മല്‍സരത്തിന്റെ, ഫസ്റ്റ് വിഷ്വല്‍സിന്റെ, എക്സ്ക്ലൂസീവ് വാര്‍ത്ത്കളുടെ ഇക്കാലത്ത് എന്തു കാട്ടിയും മുന്നിലെത്താനുള്ള ത്വരയാണോ അതോ തങ്ങള്‍ കാട്ടിയില്ലെങ്കില്‍ ഇത് മറ്റാരെങ്കിലും കാണിച്ച് പേരെടുത്താലോ എന്ന ആശങ്കയാണോ ഇന്ത്യാ വിഷനെ ഇതിനു പ്രേരിപ്പിച്ചതെന്നറിയില്ല. ഒറ്റ വാക്കില്‍ കഷ്ടമായിപ്പോയി. കുടുംബ സമേതം ടിവി കാണുന്നവന്റെ അവസ്ഥ ! ഇന്ത്യാ വിഷനെ കാണുമ്പോള്‍ നികേഷ് കുമാറിനെയും, ഏഷ്യനെറ്റിനെപ്പറ്റി പറയുമ്പോള്‍ ടി.ഗോപിനാഥനെയും സൂര്യയെപ്പറ്റി പറയുമ്പോള്‍ അനില്‍ നമ്പ്യാരെയും ഒക്കെയാണോര്‍മ്മ വരിക. നികേഷ്, ഇതു താങ്കളറിയാതെ നടന്നതായിരിക്കില്ല, ഞങ്ങള്‍ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇതൊക്കെ കുറേ കടന്ന കയ്യാണ്‌, ഇതൊന്നും വേണമെന്നില്ല, ഞങ്ങള്‍ക്ക് ടിവി കാണാന്‍.

August 4, 2008

ഏഷ്യാനെറ്റ് വില്പനക്ക് !

വലപ്പാട്ടുകാരന്‍ ചന്ദ്രശേഖര്‍ തുടങ്ങി, കര്‍ണ്ണാടകയില്‍ ബിസിനസ്സ് കേന്ദ്രീകരിച്ചിരിക്കുന്ന രാജീവ് ചന്ദ്രശേഖറില്‍ എത്തി നില്‍ക്കുന്ന ഏഷ്യാനെറ്റ് വീണ്ടും കൈമാറ്റത്തിന്‌ തയ്യാറാകുന്നു. ഇത്തവണ സ്റ്റാര്‍ ഗ്രൂപ്പാണ്‌ ഏഷ്യാനെറ്റ് വാങ്ങാന്‍ പോകുന്നതു്‌. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സീ നെറ്റ്വര്‍ക്കും ഏഷ്യാനെറ്റില്‍ കൈവച്ചുവെങ്കിലും കൈപൊള്ളി. അന്ന് തമിഴിലും കന്നടയിലും തുടങ്ങിയ ചാനലുകള്‍ അധികം വൈകാതെ പൂട്ടിക്കെട്ടി. അത് പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പുള്ള കഥ, അത് മറക്കാം.

ഇപ്പോള്‍ സ്റ്റാര്‍ തലവന്‍‍ മര്‍ഡോക്ക് ഇന്ത്യയില്‍ എത്തിയിരിക്കുകയാണ്‌. ഏഷ്യാനെറ്റ് കച്ചവടമാക്കുക എന്നത് അദ്ദേഹത്തിന്റെ ഈ സന്ദര്‍ശന വേളയിലെ ഒരു പരിപാടിയായി മാധ്യമങ്ങള്‍ കാണുന്നു. ചര്‍ച്ചകള്‍ തുടങ്ങിയിട്ട് കാലം കുറെയായി. തെക്കേ ഇന്ത്യയില്‍ വേരുകള്‍ തേടാന്‍ സ്റ്റാര്‍ ശ്രമം തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. തെന്നിന്ത്യയിലെ സ്റ്റാറിന്റെ ശ്രമങ്ങളെല്ലാം വലിയ വിജയം കാണാതെ നില്‍ക്കുന്നതിന്റെ പ്രധാന കാരണം കലാനിധിമാരന്റെ സണ്‍ നെറ്റ്വര്‍ക്കിന്‌ തെക്കേ ഇന്ത്യയിലെ ആധിപത്യം തന്നെയാണ്‌. തമിഴില്‍ തുടങ്ങിയ സ്റ്റാര്‍ വിജയ് (വിജയ് എന്ന ചാനല്‍ ഇതു പോലെ സ്റ്റാര്‍ വാങ്ങുകയായിരുന്നു) വലിയ ചലനങ്ങള്‍ സൃഷ്ടിക്കാനാവാതെ തുടരുകയാണ്‌. തെക്കെ ഇന്ത്യയില്‍ പുതിയ സംരംഭങ്ങള്‍ക്കിനി സ്ഥാനമില്ലെന്ന് മനസ്സിലാക്കിയ സ്റ്റാറിന്‌ "റണ്ണിംഗ് ബിസിനസ്സ്" വാങ്ങുകയാണ്‌ ബുദ്ധിയെന്ന് തോന്നി. അതാണ് കേരളത്തില്‍ നല്ല സ്വാധീനമുള്ള ഏഷ്യാനെറ്റിനെ സ്വീകരിക്കാന്‍ കാര്യം. ഇടക്ക് ബാലാജി ടെലിഫിലിംസുമായി കരാറുണ്ടാക്കിയെങ്കിലും അതും ക്ലച്ച് പിടിച്ചില്ല.
തങ്ങള്‍ പലരുമായും വില്പന സംബന്ധിച്ച് ചര്‍ച്ച ചെയ്യുനുണ്ട്, സ്റ്റാര്‍ അതിലൊരു ഗ്രൂപ്പ് മാത്രം - എന്നാണിക്കാര്യത്തില്‍ ഏഷ്യാനെറ്റിന്റെ പൊതു നിലപാട്. ബിസിനസ്സ് രഹസ്സ്യങ്ങള്‍ അങ്ങിനെ തുറന്നു പറയാന്‍ പറ്റില്ലെന്നും ഏഷ്യാനെറ്റ് കൂട്ടിച്ചേര്‍ക്കുന്നു.

ഒന്നു രണ്ടു മാസങ്ങള്‍ക്കു്‌ മുന്‍പ് ഈ വില്പനയുടെ ഭാഗമായി ഏഷ്യാനെറ്റ് നാലു കമ്പനികളാക്കി തിരിച്ചിരുന്നു. പിന്നെ ഒരു കാര്യ കൂടി..നമ്മുടെ ദേശാഭിമാനി ദിനപ്പത്രം കഴിഞ്ഞ ജൂണില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു, ഒന്നാം പേജില്‍ തന്നെ. ഇപ്പോ, മര്‍ഡോക്ക്ഇന്ത്യയിലെത്തുകയും കൂടി ചെയ്തതോടെ കച്ചവടം അടുത്തെത്തി. സ്റ്റാര്‍ ഏറ്റെടുത്തു കഴിഞ്ഞാല്‍ എന്തെന്തു മാറ്റങ്ങളായിരിക്കും പരിപാടികളില്‍ സംഭവിക്കുക എന്നു കണ്ടു തന്നെ അറിയണം. പ്രത്യേകിച്ച് ഡബ്ബിംഗ് പരിപാടികള്‍ അവര്‍ യഥേഷ്ടം വിജയ് ടിവിയില്‍ പരീക്ഷിക്കുന്ന സാഹചര്യത്തില്‍. എന്തായാലും സ്റ്റാര്‍ ഏഷ്യാനെറ്റ് എന്ന് പേരു മാറുമായിരിക്കണം. ഒപ്പം ലോഗോയിലും ചെറിയ മാറ്റങ്ങള്‍.

July 28, 2008

രമ്യ - മ്യൂസിക് മൊമന്റ്സ്

മലയാളം മാപ്പിളപ്പാട്ട് ആല്‍ബങ്ങളിലെ സ്ഥിരം നായികയായിരുന്ന രമ്യ രവിന്ദ്രന്‍, സൂര്യ ടിവിയിലെ "മ്യൂസിക് മൊമെന്റ്സ്"അവതാരികയായതോടെയാണ്‌ ശരിക്കും പോപ്പുലറായത്. ശരാശരി ടെലിവിഷന്‍ പ്രേക്ഷകരായ കേരളീയ കുടുംബങ്ങളിലെ ഇഷ്ടക്കാരിയായി രമ്യ വേഗത്തില്‍ തന്നെ. രമ്യയുടെ ചിരിയും ഹൃദ്യമായ വാക്കുകളും എല്ലാവരുടെയും മനം കവര്‍ന്നുവെന്നത് നേര്‌. കുറെ വര്‍ഷങ്ങളായി "മ്യൂസിക് മൊമെന്റ്സ്" നായികയായി തിളങ്ങിയ രമ്യ പിന്നീട് സൂര്യയില്‍ തന്നെ മറ്റൊരു ഹിറ്റ് പരിപാടിയായ "രസിക രാജ" യിലും തന്റെ സാന്നിധ്യം കൊണ്ട് പ്രേക്ഷകരെ കൈയിലെടുത്തു. അതിനിടെ വിവാഹവും കഴിഞ്ഞു. അപ്പോഴാണ്‌ ഏഷ്യാനെറ്റ് രമ്യക്കു വേണ്ടി വല വിരിച്ചത്. സ്റ്റാര്‍ സിങ്ങര്‍ അവതാരിക രഞ്ജിനിയെപ്പറ്റിയുള്ള വ്യാപക പരാതിയായിരുന്നു അവരുടെ മലയാളം ഉച്ചാരണം. അതുകൊണ്ടു തെന്നെ പുതിയ സ്റ്റാര്‍ സിങ്ങറില്‍ പുതിയൊരവതാരികയെ പ്ലാന്‍ ചെയ്തു. രമ്യയെ കിട്ടിയാല്‍ രണ്ടാണു കാര്യം, പ്രശസ്തയായ ഒരവതാരികയുമായി..ഒപ്പം സൂര്യ ക്യാമ്പില്‍ നിന്നും രമ്യയെ ചാടിക്കുകയും ചെയ്യാം ! അങ്ങനെ രമ്യയുമായി 2008 ലെ സ്റ്റാര്‍ സിങ്ങര്‍ അവതരിച്ചു. രമ്യ പോയെങ്കിലും "മ്യൂസിക് മൊമെന്റ്സ്" നിര്‍ത്താന്‍ പറ്റില്ലല്ലോ,സൂര്യക്കു്‌. ഗുരുവായൂര്‍‍ക്കാരിയായ രാഖിയുമായി "മ്യൂസിക് മൊമെന്റ്സ്" തുടര്‍ന്നു. ദോഷം പറയരുതല്ലോ..ചുരുങ്ങിയ സമയം കൊണ്ട് നല്ല മലയാളിത്തമുള്ള മുഖത്തിനുടമയായ രാഖി പ്രേക്ഷക പ്രീതി നേടി. പക്ഷേ..ഇതിനിടെ പ്രതീക്ഷിച്ച വിജയം ആവര്‍ത്തിക്കാനാവാതെ സ്റ്റാര്‍ സിങ്ങര്‍ പരുങ്ങലിലായി. റിയാലിറ്റി ഷോകള്‍ക്ക് ക്ഷീണം സംഭവിച്ചുതുടങ്ങിയ കാലം. ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിങ്ങര്‍ റേറ്റിങ്ങില്‍ പുറകോട്ട് പോയിക്കൊണ്ടിരുന്നപ്പോള്‍, അതില്‍ നിന്നും കരകയറാനുള്ള മാര്‍ഗ്ഗങ്ങളായി പിന്നെ ചിന്ത. അതിന്റെ ഭാഗമായി ആദ്യ സ്റ്റാര്‍ സിങ്ങറിലെ ചിലരെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനമായി. കൈരളിയില്‍ വിധി നിര്‍ണ്ണയം നടത്തിക്കൊണ്ടിരുന്ന ശരത്തിനെ തിരികെ വിളിച്ചു. പഴയ അവതാരികയായ രഞ്ജിനിയേയും ! ചുരുക്കത്തില്‍ രമ്യ ഔട്ട്. കടിച്ചതുമില്ല..പിടിച്ചതുമില്ല എന്ന അവസ്ഥയായി രമ്യക്കിപ്പോള്‍. ആകെ ഒരാശ്വാസം, രസിക രാജ യാണ്‌. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമെത്തുന്ന, റീ ടെലിക്കാസ്റ്റില്ലാത്ത ഒരു മണിക്കൂര്‍ പരിപാടിയായ രസിക രാജ, രമ്യയെ കൈവിടില്ലെന്ന് ആശിക്കാം. ശരത്തും രഞ്ജിനിയും വന്നിട്ടും സ്റ്റാര്‍ സിങ്ങറിനു പഴയതു പോലെ തിളങ്ങാനാവുന്നില്ലെന്നത് നേര്‌.

ഇന്ത്യാ വിഷന്‍ അഞ്ചാം വാര്‍ഷികാഘോഷം

മലയാള വാര്‍ത്താചാനലുകളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ഇന്ത്യാവിഷന്റെ അഞ്ചാം വാര്‍ഷികാഘോഷം മന്ത്രി ബിനോയ് വിശ്വം ഉല്‍ഘാടനം ചെയ്തു. കൊച്ചിയിലായിരുന്നു ചടങ്ങ്. ചാനല്‍ ചെയര്‍മാന്‍ എം.കെ.മുനീറായിരുന്നു അദ്ധ്യക്ഷന്‍. നികേഷ് കുമാര്‍, പി.വി.ഗംഗാധരന്‍, റോയ് മാത്യു, ഗോകുലം ഗോപാലന്‍ എന്നിങ്ങനെ പലരും ചടങ്ങിനെത്തിയിരുന്നു.ഗായകന്‍ വേണു ഗോപാലിന്റെ ഗാനമേള, ചാനല്‍ സ്റ്റാഫിന്റെ തന്നെ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി. ഒപ്പം അവാര്‍ഡ് വിതരണവും. മലയാളത്തിലെ ആദ്യ വാര്‍ത്താചാനലിന്‌ പ്രേക്ഷകരുടെയും ആശംസകള്‍.

May 18, 2008

മോനിലാലിന്‌ കണ്ണീരോടെ വിട

"നിങ്ങളൊരു പ്രസ്ഥാനമാണു കൊച്ചമ്മാ.." മോനിലാലിന്റെ ഈ കമന്റ് കേട്ടാല്‍ മതി ചന്ദ്രമതിക്കൊച്ചമ്മ (മല്ലികാ സുകുമാരന്‍) വിതുമ്പാന്‍ തുടങ്ങും. മലയാള ടെലിവിഷന്‍ ചാനലുകളില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന കോമഡി സീരിയല്‍ ഫോര്‍മുല: മല്ലികാ സുകുമാരന്‍ - മഞ്ജുപിള്ള - മോനിലാല്‍ (അമ്മായി-മരുമകള്‍-വേലക്കാരന്‍) കോമ്പിനേഷനു തുടക്കം കുറിച്ച സീരിയലായിരുന്നു, സൂര്യയിലെ ഇന്ദുമുഖി ചന്ദ്രമതി. രണ്ടു നായികമാര്‍ക്കും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന മുഴുനീള റോളായിരുന്നു മോനി അതില്‍ ചെയ്തത്. പരമ്പരക്കൊപ്പം മോനിലാലും മിനിസ്ക്രീനില്‍ ഹിറ്റായി. സൂര്യ ടിവിയിലൂടെത്തന്നെയാണ്‌ മോനിയെ പ്രേക്ഷകര്‍ കണ്ടുതുടങ്ങിയത്. നുറുങ്ങുകള്‍ എന്നായിരുന്നു ആ പരിപാടിയുടെ പേര്‌. പിന്നീടങ്ങോട്ട് മോനി ടെലിവിഷന്‍ ചാനലുകളിലെ സജീവ സാന്നിധ്യമായി.
ഇന്ന് നമ്മോടൊപ്പം മോനിലാലില്ല. വെള്ളിയാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മോനിക്ക് പരിക്കേല്‍ക്കുകയും ആശുപത്രിയിലെത്തിയപ്പോഴേക്കും ജീവഹാനി സംഭവിക്കുകയും ചെയ്തു. വാര്‍ത്തയറിഞ്ഞ സഹപ്രവര്‍ത്തകര്‍ക്കും മാധ്യമസുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനായില്ല, സഹിക്കാനും. കലാഭവന്‍ തീയ്യേറ്ററില്‍ പൊതു ദര്‍ശനത്തിന്‌ മൃതദേഹം എത്തിയപ്പോഴും പിന്നീട് വീട്ടിലും ടിവി കലാകരന്മാരടക്കം വന്‍ ജനാവലിയെത്തിയിരുന്നു. മോനിയോടൊപ്പം ആദ്യകാലം മുതലിപ്പോള്‍ തിരുടാ തിരുടി വരെ ഒന്നിച്ചഭിനയിച്ച ജോബിയും ഉണ്ടായിരുന്നു അവിടെ.
പല ചാനലുകളിലും മോനിലാല്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും സൂര്യ യായിരുന്നു ഇദ്ദേഹത്തിന്റെ തട്ടകം. സൂര്യയില്‍ മോനി ചെയ്ത പരിപാടികളെല്ലാം ഹിറ്റുകളായിരുന്നു. സൂര്യയുടെ അവതാരകര്‍ ഒന്നിക്കുന്ന പരിപാടികളിലും മോനി പങ്കെടുക്കാറുണ്ടായിരുന്നു.
മോനിലാലിന്റെ മരണം നമുക്ക്, മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വലിയ ആഘാതമാണ്‌. രണ്ടു പെണ്മക്കാളാണ്‌ മോനിലാലിന്‌. തന്റെ മുപ്പതുകളില്‍ ജീവന്‍ നഷ്ടപ്പെടേണ്ടിവന്ന മോനിക്ക് ഇനിയുമെത്രയോ തിളങ്ങാനുള്ളതായിരുന്നു. മോനിലാലിന്റെ ദേഹവിയോഗത്തില്‍ ദു:ഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം നമ്മളും ചേരുന്നു.

April 28, 2008

രാധികാ ശരത് കുമാര്‍, ബിഗ് ബജറ്റ് പ്രൊജക്റ്റുമായി..

15 എപ്പിസോഡ് : ചെലവ്-ഒരു കോടി

സിനിമകളില്‍ മാത്രമല്ല, സീരിയലുകളിലും കൂടുതല്‍ നിര്‍മ്മാണച്ചെലവു്‌ ഫാഷനാകുന്നു !പ്രശസ്ത നടി രാധിക, സിനിമയിലെന്ന പോലെ തമിഴ് ടെലിവിഷന്‍ രംഗത്തും ഏറെ പ്രശസ്തയാണ്‌. രാധികയുടെ നിര്‍മ്മിച്ച സീരിയലുകള്‍ സണ്‍ ടിവിയില്‍ സ്ഥിരം ഹിറ്റുകളാണ്. മലയാളത്തില്‍ സൂര്യയില്‍ വന്ന സ്വര്‍ണ്ണമഴ (ഊര്‍വ്വശി) രാധികയുടെ സംരംഭമായിരുന്നു. രാധികാ ശരത്കുമാര്‍ ഇന്നു തെക്കേ ഇന്ത്യയിലെ മുന്‍ നിര നിര്‍മ്മാതാക്കളിലൊരാളായി മാറിയിരിക്കുകയാണ്‌. തമിഴില്‍ മാത്രമല്ല, മലയാളത്തിലും, തെലുങ്കിലും, കന്നഡത്തിലും രാധികയുടെ ടെലിവിഷന്‍ പ്രൊജക്റ്റുകള്‍ വിജയമായിട്ടുണ്ട്. തെന്നിന്ത്യ മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന സണ്‍ നെറ്റ്വര്‍ക്ക് ചാനലുകളാണ്‌ രാധികയുടെ നിര്‍മ്മിതികള്‍ ടെലികാസ്റ്റ് ചെയ്തു വരുന്നത്. രാധികയുടെ ബിഗ്-ബജറ്റ് സീരിയല്‍ തിരുവിളയാടല്‍ ഇന്നു രാത്രി എട്ടു മണി മുതല്‍ ആരംഭിക്കുകയാണ്, സണ്‍ ടിവിയില്‍. പേരു സൂചിപ്പിക്കുന്നതു പോലെ ദൈവീക പരമ്പര തന്നെ. ശിവന്റെ കഥ. രാധിക തന്നെ ശിവമയം മുന്‍പ് അവതരിപ്പിച്ചിട്ടുണ്ട്, സണ്‍ ടിവിയില്‍ നല്ല റേറ്റിംഗ് സമ്പാദിച്ച പരിപാടിയായിരുന്നു അത്. ഈ പ്രൊജക്റ്റിനെപ്പറ്റി സംസാരിച്ചപ്പോള്‍ കലാനിധി മാരനാണ്‌ (സി എം ഡി, സണ്‍ നെറ്റ്വര്‍ക്ക്) നിര്‍ദ്ദേശിച്ചത്, ഇതൊരു ബിഗ് ബജറ്റ് പ്രൊജക്റ്റാവട്ടേ എന്ന്, രാധിക പറയുന്നു. സീരിയലിനായി ബിന്നി മില്‍സ് വാടകക്കെടുത്ത് കൂറ്റന്‍ സെറ്റിടുകയും തമിഴിലെ പല പ്രശസ്ത നടീ നടന്മാരെ കഥാപാത്രങ്ങളായി തീരുമാനിക്കുകയും ചെയ്ത രാധിക പതിനഞ്ചു എപ്പിസോഡുകള്‍ക്കായി ഇതിനകം ഒരു കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. തെന്നിന്ത്യയിലെ ഏറ്റവും ചെലവേറിയ സീരിയലായി മാറി തിരുവിളയാടല്‍. രാധാ രവിയും മനോരമയും താരനിരയിലുണ്ട്.

April 19, 2008

ആ പ്രവചനം സത്യമായി

അങ്ങനെ ആ പ്രവചനം സത്യമായി

എത്രയോ മാസങ്ങള്‍ക്ക് മുന്‍പ് പുറത്തായ " രഹസ്യ" മായിരുന്നു ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങര്‍ വിജയി നജീമാണെന്ന്. ഇപ്പോഴിതാ അതു സത്യമായി. അന്നേ കേട്ടിരുന്നു, വിജയിയെ തീരുമാനിച്ചു കഴിഞ്ഞൂ, ഇനിയെല്ലാം നാടകം എന്ന്, ഇന്ന് ബുദ്ധിമുട്ടി പലരും കരയാന്‍ പെടുന്ന പാട് കണ്ടപ്പോള്‍ അതു സത്യമായിരുന്നല്ലോ എന്ന് തോന്നിപ്പോകുന്നു. കൂടുതലായി അടുത്ത ദിവസങ്ങളില്‍ അറിയാം എന്ന് കരുതുന്നു.
ഒരു പരിപാടി എത്രമാത്രം കുളമാക്കാം എന്നതിന്‌ നല്ലൊരുദാഹരണമായിരുന്നു ലൈവ് ഫൈനല്‍. കയ്യടിക്കാന്‍ പോലും മടിച്ച കാണികളെ അടിക്കൂ അടിക്കൂ എന്നാവര്‍ത്തിച്ച് കയ്യടിപ്പിക്കേണ്ടി വന്നൂ നായികക്ക്. പിന്നെ Maestro എന്ന വാക്കിന്റ ഉച്ചാരണം മൈസ്റ്റ്രോ എന്ന് വരുമോ എന്ന് കൂടുതല്‍ അറിവുള്ളവര്‍ പറയേണ്ടിയിരിക്കുന്നു. അതില്‍ എനിക്കു സംശയമുണ്ട്. ബഹുമാന്യനായ ബാലമുരളീകൃഷ്ണയെ അങ്ങിനെയാണവര്‍ വിശേഷിപ്പിച്ചിരുന്നത്.

ലോകം മുഴുവന്‍ കുടുംബസമേതം കാണുന്ന ഒരു പരിപാടിയില്‍ (എന്നു പറയുന്നു ചാനല്‍ മേലാളന്മാര്‍) ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഒഴിവാക്കാമായിരുന്നു സൂരജ് വെഞ്ഞാറമ്മൂടിന്‌. അതോ ഇവര്‍ക്കിട്ടൊരു കൊട്ട് കൊടുക്കാന്‍ വേണ്ടിയായിരുന്നുവൊ ഈ ഹാസ്യ പ്രയോഗം.

April 7, 2008

ജയ് ഹിന്ദ് ടി വി

ഗള്‍ഫ് രാജ്യങ്ങളിലെ ലഭ്യത കണക്കിലെടുത്ത് ജയ് ഹിന്ദ് ടിവി ഇപ്പോള്‍ ഇന്‍സാറ്റ് 2 ഇ ഉപഗ്രഹത്തില്‍ സം പ്രേക്ഷണം ആരംഭിച്ചിരിക്കുന്നു ! അതായത് ജീവന്‍,കൈരളി, ഏഷ്യാനെറ്റ് ചാനലുകള്‍ക്കൊപ്പം ഇനി ജയ് ഹിന്ദ് ടിവിയും കാണാം. ഇതേ ഡിഷ് ആന്റിനയിലൂടെ സൂര്യയും കിരണും കിട്ടുമെന്നു ഇവിടെ മുന്‍പ് എഴുതിയിരുന്നതോര്‍‍ക്കുക. വേറൊരു ഗുണം കൂടിയുണ്ട്. ക്രിക്കറ്റ് പ്രേമികള്‍ക്ക് നല്ല വാര്‍ത്ത. ഡിഡി നാഷണലും ഇപ്പോള്‍ സൂര്യ ടിവിക്കൊപ്പം കിട്ടുന്നതാണ്‌. അപ്പോ ഒരൊറ്റ ഡിഷ് ആന്റിന മതി, മിക്കവാറും എല്ലാ പ്രധാന മലയാളം ചാനലുകളും അല്ലലില്ലാതെ കാണാം, ഒപ്പം ക്രിക്കറ്റും.
ജയ് ഹിന്ദിന്റെ ഫ്രീക്വന്‍സി
എഴുതിയെടുക്കാന്‍ മറക്കണ്ട: 4050 V / SR 5084

March 15, 2008

ആദ്യം അര്‍ഫാസ്, പിന്നെ മിഥുനും..

റേഡിയോ താരങ്ങള്‍ ടെലിവിഷനില്‍ തിളങ്ങുന്നത് ആദ്യമല്ല. ഏഷ്യാനെറ്റിലെ ശ്രീകണ്ഠന്‍ നായര്‍ തന്നെ മികച്ച ഉദാഹരണം. പക്ഷേ അദ്ദേഹം റേഡിയോ ജോലി വിട്ടതിനു ശേഷമാണ്‌ ടിവിയില്‍ കയറിയത്. ഇപ്പോഴിതാ റേഡിയോയിലും ടി വിയിലും ഒരുമിച്ച് തിളങ്ങുകയാണ്‌ ചില താരങ്ങള്‍. റേഡിയോക്ക് നല്ല പ്രചാരമുള്ള യു.എ.ഇയിലെ ഹിറ്റ് 96.7 എഫ്.എം താരങ്ങളുടെ ടി വി പ്രവേശം സൂര്യ ടിവിയിലൂടെയാണ്‌. അക്കൂട്ടത്തില്‍ ആദ്യമെത്തിയത് അര്‍ഫാസാണ്‌. തന്റെ സ്വതസിദ്ധമായ നര്‍മ്മം കലര്‍ത്തിയ സംഭാഷണങ്ങളിലൂടെ റേഡിയോയിലെന്നപോലെ ടിവിയിലും അദ്ദേഹം ശരിക്കും ഷൈന്‍ ചെയ്തു. അര്‍ഫാസിന്റെ പ്രൊഗ്രാം ഏതാണ്ട് ഒന്നൊന്നര മാസം ഉണ്ടായിരുന്നതായാണ്‌ ഓര്‍മ്മ. ഇടക്കെപ്പൊഴോ ക്രിസിന്റെയും നൈലയുടെയും മഖങ്ങള്‍ സൂര്യയില്‍ കണ്ടതും ഓര്‍ക്കുന്നു. ഈയിടെ സൂര്യ ടിവിയില്‍ തന്നെ "ഗുഡ് ടൈംസ്"എന്നൊരു പ്രതിദിന പരിപാടിയിലൂടെ ഒരു നടനും കൂടിയായ മിഥുന്‍ രംഗത്തുവന്നു. വളരെ ആക്ടിവ് ആയ ഒരു പരിപാടിയായിരുന്നു അതും. മിഥുനും മാന്യമായിത്തന്നെ ഷോ കൊണ്ടുപോയി. ആലുക്കാസ് ജോയിയും, എം.കെ യൂസഫലിയും മുതല്‍ യേശുദാസും ദക്ഷിണാമൂര്‍ത്തിയും വരെ അതിഥികളായെത്തിയ ഗുഡ് ടൈംസ് ശരിക്കും ഗുഡ് തന്നെയായിരുന്നു. യു.എ.ഇയിലെത്തന്നെ മറ്റൊരു എഫ്.എം ചാനലായ ഓക്സിജന്‍ (റേഡിയൊ ഏഷ്യ) യുടെ സാരഥിയുടെ ഒരു അഭിമുഖവും ഇപ്പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത് ശ്രദ്ധേയമായി. അര്‍ഫാസും മിഥുനും കഴിഞ്ഞ് ഇനി ആരാണാവും അടുത്തത് !

March 13, 2008

മനോരമ ന്യൂസ്

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍ക്കു പുതിയ മാനങ്ങള്‍ നല്‍കിയ മനോരമ ന്യൂസ്, യു.എ.ഇ ടെലിവിഷന്‍ നെറ്റ് വര്‍ക്കായ ഇ-വിഷനില്‍ ഇപ്പോള്‍ ചേര്‍ക്കപ്പെട്ടു ! സൂര്യ ടിവി, ഏഷ്യാനെറ്റ്, കൈരളി എന്നീ മൂന്നു ചാനലുകള്‍ മാത്രമേ ഇത്രയും കാലം ഇ-വിഷനില്‍ ലഭ്യമായിരുന്നുള്ളു. ഒരു പുതിയ പ്രാദേശിക ചാനല്‍ ലിസ്റ്റ് ചെയ്തു കിട്ടല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. ഇതു മനോരമയുടെ നേട്ടമായിത്തന്നെ കാണണം ! വെല്‍ ഡണ്‍!

February 28, 2008

റിയാലിറ്റി പിന്നില്‍ - സീരിയല്‍ മുന്നില്‍

റിയാലിറ്റി ഷോകള്‍ സീരിയലകളുടെ അന്തകന്മാരാണെന്ന പ്രചരണം കേരളത്തിലാണ്‌ കൂടുതല്‍ ഉയര്‍ന്നു കേട്ടത്. സീരിയലുകള്‍ പച്ച പിടിക്കാഞ്ഞ ചില മലയാളം ചാനലുകള്‍ക്ക് റിയാലിറ്റി ലേബലില്‍ വന്ന അനേകം ഷോകള്‍ കച്ചിത്തുരുമ്പായി എന്നു മാത്രമല്ല, പ്രേക്ഷകരെ നേടാനുമായി. 2007 ജൂണ്‍-ജൂലൈ മാസത്തോടെ സീരിയല്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ ഇടിവു നേരിടുകയും ചെയ്തു.ഈ പ്രതിസന്ധി മലയാളം ചാനലുകളില്‍ മാത്രമായിരുന്നു ! മാത്രമല്ല ഒട്ടുമിക്ക മലയാള ചാനലുകളിലും പ്രൈം ടൈമില്‍ ദിവസേന ഇത്തരം ഷോകളുണ്ടെങ്കിലും ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ മാത്രമാണ്‌ ടാം റേറ്റിംഗില്‍ മുന്നിലെത്തിയിരുന്നുള്ളൂ. അധികമായാല്‍ അമൃതും വിഷം എന്നു പറഞ്ഞതുപോലെ അല്ലെങ്കില്‍ സീരിയല്‍ നിര്‍മ്മാതാക്കള്‍ മനോരമ ന്യൂസിലൂടെ മാസങ്ങള്‍ക്കു മുന്‍പേ പ്രസ്താവിച്ചതുപോലെ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു.
ടാം ഡാറ്റ പ്രകാരം കഴിഞ്ഞ ചില ആഴ്ചകളായി സ്റ്റാര്‍ സിംഗറിനെ പിന്നിലാക്കി സീരിയല്‍ മുന്നിലെത്തിയിരിക്കുകയാണ്‌. അതു മാത്രമല്ല, സ്റ്റാര്‍ സിംഗര്‍ അവസാനത്തോടടുക്കുകയാണെന്നു അറിയുന്നു. സ്റ്റാര്‍ സിംഗറും ഒപ്പം മുന്‍ ഷെഡ്യൂളനുസരിച്ച് അയ്യപ്പനും നിര്‍ത്തേണ്ടിവരുമെന്ന അവസ്ഥ വന്നപ്പോള്‍ അയ്യപ്പന്‍ എങ്ങിനെയും നീട്ടിയേതീരൂ എന്നായി ഏഷ്യാനെറ്റ്. അങ്ങനെ അയ്യപ്പന്‍ വലിച്ചു നീട്ടപ്പെട്ടിരിക്കുകയാണിപ്പോള്‍.. അതേ സമയത്തു തന്നെയാണ്‌ ചിപ്പിയും - രണ്‍ജിത്തും ചേര്‍ന്ന്‌ അവതരിപ്പിക്കുന്ന ഗുരുവായൂരപ്പന്‍ സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ചവക്കുന്നതു്‌, സൂര്യയില്‍.സ്റ്റാര്‍ സിംഗര്‍ തീര്‍ന്നാല്‍ വീണ്ടും മറ്റോരു റിയാലിറ്റി വരുമോ അതൊ സീരിയലിലേക്കു തന്നെ മടങ്ങിപ്പോകാമെന്ന "റിസ്കിന്‌" ഏഷ്യാനെറ്റ് തയ്യാറാവുമോ എന്നാണിപ്പൊള്‍ മിനിസ്ക്രീന്‍ ലോകം കാത്തിരിക്കുന്നതു്‌. റിയാലിറ്റി തന്നെയാവാം..വിഷയങ്ങള്‍ ഇനിയും എത്രയോ ബാക്കി !! എന്നാണ്‌ പ്രേക്ഷകന്റെ എളിയ അഭിപ്രായം.

February 12, 2008

കൊലപാതകശ്രമം : ടിവി യില്‍

ഇന്നലെ സൂര്യ ന്യൂസില്‍ ഒരു വിഷ്വല്‍ കണ്ട് കിടുങ്ങിപ്പോയി.
കേരള - തമിഴ് നാട് അതിര്‍ത്തിക്കപ്പുറം തക്കലയില്‍ അനധികൃത ഭൂമി കൈയേറ്റം ഒഴിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒപ്പം പോലീസും. റോഡരുകില്‍ നടപടികള്‍ക്കു നേതൃത്വം കൊടുത്തുകൊണ്ടിരുന്ന രണ്ട് ഉദ്യോഗസ്ഥരെ അതിവേഗതയില്‍ പാഞ്ഞുവന്ന ഒരു വെളുത്ത അംബാസിഡര്‍ കാര്‍ ഇടിച്ച് തെറിപ്പിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരും ബോണറ്റിലേക്കു വീഴുന്നു, കാര്‍ അവരെ വലിച്ചുകൊണ്ടു പോകുന്നൂ..ഒരാള്‍ വലത്തോട്ട് തെറിച്ച് ഒരു പോലീസുകാരന്റെ മേലേക്ക് വീഴുന്നു..അടുത്തയാള്‍ ബോണറ്റില്‍ നിന്നും നീങ്ങി കാറിനടിയില്‍ പെടുന്നു...കാര്‍ മുന്നോട്ട് കുതിച്ച് പായുമ്പോള്‍ അയാള്‍ കാറിനടിയില്‍ ..കാര്‍ വീണ്ടും മുന്നോട്ട് പോകുമ്പോള്‍ അയാള്‍ പുറത്തു വരുന്നു..അയ്യാ...അയ്യാ...എന്നു ജനക്കൂട്ടത്തിന്റെ നിലവിളികള്‍...കെട്ടിടത്തില്‍ തൊട്ടാല്‍ ജീവനോടെ സ്ഥലം വിടില്ലെന്ന് ഭീഷണിയുണ്ടായിരുന്നതായി ആശുപത്രിക്കിടക്കയില്‍ നിന്നും പരിക്കേറ്റ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാറോടിച്ചിരുന്ന ആളെയും ടി വി ചിത്രത്തില്‍ ശരിക്കും കാണാം.
നിയമം നടപ്പാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കു നല്‍കേണ്ടിവന്ന വില ! അവസാനം പരിക്കേറ്റതു മാത്രമാവും മിച്ചം, ജീവന്‍ പോകാഞ്ഞത് ഭാഗ്യം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമോ ? പരസ്യമായി കാറ് കയറ്റി കൊല്ലാന്‍ ശ്രമിച്ചവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ തമിഴ് നാട് പോലീസിനു കഴിയട്ടെ എന്നാശിക്കാം.

February 10, 2008

മിന്നുകെട്ട് : ആഘോഷം !



മലയാള സ്വകാര്യ ചാനല്‍ ചരിത്രത്തിലാദ്യമായി 900 ല്‍ പരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ഒരു സീരിയലിന്റെ (മിന്നുകെട്ട്-സൂര്യ ടി വി) വിജയാഘോഷം ഇന്നലെ തൃശ്ശൂരില്‍ ലുലു കണ്‍വെന്‍ഷന്‍‍ സെന്ററില്‍ നടക്കുകയുണ്ടായി. പദ്മശ്രീ എം.കെ.യൂസഫലിയായിരുന്നു 916മത് എപ്പിസോഡിന്റെ വിജയാഘോഷത്തിന്റെ ഉല്‍ഘാടകന്‍. സം വിധായകന്‍ ജ്ഞാനശീലനെയും, നിര്‍മ്മാതാവ് സിദ്ധിഖിനെയും പ്രധാന നടീനടന്മാരെയും ചടങ്ങില്‍ ആദരിക്കുകയുണ്ടായി. ടെലിവിഷന്‍ പ്രവര്‍ത്തകരും, നടീ നടന്മാരും പ്രേക്ഷകരും നിറഞ്ഞ സദസ്സില്‍, മറ്റ് കലാപരിപാടികളും അരങ്ങേറി.

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ സൂര്യ ടിവിയില്‍ മിന്നുകെട്ട് ആരംഭിച്ചത്. സണ്‍ ടിവിയില്‍ വന്‍ വിജയമായ "മെട്ടി ഒലി" എന്ന സീരിയല്‍ മലയാളത്തിലും റീ മേക്ക് ചെയ്യുകയായിരുന്നു നിര്‍മാതാവ് സിദ്ദിഖ്. തെക്കേ ഇന്ത്യയില്‍ ടെലിവിഷന്‍ ചാനലുകളിലെ ഏറ്റവും ഉയര്‍ന്ന പരസ്യ നിരക്ക്‌ ലഭിച്ചിരുന്നു സണ്‍ ടിവിയില്‍ മെട്ടിഒലിക്ക് അന്ന്. അര മണിക്കൂര്‍ നീണ്ട ക്ലൈമാക്സ് എപ്പിസോഡ് ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ച സീരിയലെന്ന പ്രത്യേകതയും മെട്ടിഒലിക്ക്‌ സ്വന്തം ! മിന്നുകെട്ടിനു മോഹന്‍ സിതാരയൊരുക്കിയ " അശകുശലേ പെണ്ണുണ്ടോ? പെണ്ണിനു മിന്നുണ്ടോ " എന്ന ഗാനം മലയാള സീരിയല്‍ ഗാനങ്ങളിലെ എക്കാലത്തെയും ഹിറ്റാണ്‌. ഹൃദ്യമായ കഥ തന്നെയാണ്‌ മിന്നുകെട്ടിന്റെ വിജയത്തിന്റെ പ്രധാന ശക്തി. അഭിനേതാക്കളെല്ലാം കഥാപാത്രങ്ങളായി ജീവിക്കുകയാണ്‌. പ്രധാന കഥാപാത്രങ്ങളായ ഡോ. ഷാജുവിന്റെയും, പ്രശസ്ത നടന്‍ രാഘവന്റെയും പ്രകടനം പ്രത്യേക പ്രശംസയര്‍ഹിക്കുന്നു. തൃശ്ശൂരാണ്‌ ലൊക്കേഷന്‍, കഥാപാത്രങ്ങള്‍ യഥാര്‍ത്ഥ സ്ഥലനാമങ്ങള്‍ തന്നെ പറയുന്നുവെന്നത് ഒരു നല്ല കാര്യമായിത്തോന്നി. മിന്നുകെട്ടിന് ലഭിച്ച ജനപ്രീതി തന്നെയാണ്‌ ഈ വിജയത്തിന്റെ പിന്നിലെന്നു അണിയറ പ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു. ഏതാണ്ട് അന്‍പതോളം കഥാപാത്രങ്ങള്‍ മിക്കവാറും സ്ഥിരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവരെയെല്ലാം ഒരുമിപ്പിച്ച് യാതൊരു തടസ്സവുമില്ലാതെ സീരിയല്‍ മിന്നോട്ടു കൊണ്ടു പോകുന്നതില്‍ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ആദ്യ എപ്പിസോഡു മുതല്‍ ഇന്നു വരെ പ്രേക്ഷകരെ തീരെ ബോറടിപ്പിക്കാതെ അത്യന്ത്യം ആകര്‍ഷണീയതയോടെ സീരിയല്‍ മുന്നോട്ട് പോവുകയാണ്‌. ഒരു പിതാവിന്റെയും അഞ്ച് പെണ്മക്കളുടെയും കഥയാണ്‌ മിന്നുകെട്ട്. അവരുടെ ജീവിതത്തില്‍ അവരനുഭവിക്കുന്ന സംന്തോഷങ്ങളും ദുഖ:ങ്ങളും നമുക്ക് നമ്മുടെ തന്നെയാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അല്ലെങ്കില്‍ ഇവര്‍ നമുക്കറിയാവുന്ന ആരോ ആണെന്നു തോന്നിപ്പോകുന്ന രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന ഒരു കഥ.

പ്രേക്ഷകര്‍ സന്തുഷ്ടരാണ്‌, മിന്നുകെട്ടിനു മുന്‍പും ശേഷവും എത്രയോ ചാനലുകളില്‍ എത്രയോ സീരിയലുകള്‍ വന്നു പോയി. ഇന്നും... ആദ്യ ദിനം തൊട്ടേ പ്രേക്ഷക ലക്ഷങ്ങളൂടെ മനസ്സില്‍ ഇടം നേടിയ മിന്നുകെട്ടിലെ ഓരോ കഥാപാത്രങ്ങളും ജീവനോടെ നിറഞ്ഞു നില്‍ക്കുന്നു. മൂന്നു നാലു മാസങ്ങള്‍ക്കു ശേഷം ആയിരം എപ്പിസോഡ് തികഞ്ഞതിന്റെ ആഘോഷത്തിനു കാണാമെന്നു പറഞ്ഞാണ്‌ പരിപാടികള്‍ ഇന്നലെ അവസാനിച്ചത്.

ഈ വിജയത്തില്‍ അഭിമാനിക്കാം..സൂര്യ ടിവിക്കും, എസ്. സിദ്ദിഖിനും, ജ്ഞാനശീലനും, നടീ നടന്മാര്‍ക്കും, മറ്റ് അണിയറ ശില്പ്പികള്‍ക്കും..ഒപ്പം അഭിനന്ദനങ്ങളും..

(900 ന്‌ പകരം 916 തെരഞ്ഞെടുത്തത് എന്താണെന്ന് ന്യായമായും സംശയം തോന്നി, ആദ്യം. പിന്നീടാണ്‌ ആലോചിച്ചത്..കാലങ്ങളായി മലബാര്‍ ഗോള്‍ഡാണ്‌ മിന്നുകെട്ടിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍, അപ്പോ 916 തന്നെയാണ്‌ നല്ലത്. സ്വര്‍ണ്ണവുമായി ബന്ധമായല്ലോ !)

January 22, 2008

കൊച്ചു ടീവി വരുന്നു !!

കൊച്ചു ടി.വി. - പുതിയൊരു മലയാളം ചാനല്‍.
സണ്‍ നെറ്റ്‌ വര്‍ക്ക്‌ തങ്ങളുടെ മൂന്നാമത്‌ മലയാളം ചാനലിനു നല്‍കിയിരിക്കുന്ന പേരാണ്‌ കൊച്ചു ടിവി. പേരില്‍ തന്നെ കൗതുകം തോന്നിപ്പിക്കുന്ന ഈ ചാനല്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള മലയാളത്തിലെ ആദ്യ ചാനലാണ്‌. കഴിഞ്ഞ വര്‍ഷം സണ്‍ തമിഴില്‍ ആരംഭിച്ച ചുട്ടി ടിവി വന്‍ വിജയമായതിനെത്തുടര്‍ന്നാണ്‌ മറ്റു ഭാഷകളിലും കുട്ടികള്‍ക്കായുള്ള ചാനലുകള്‍ തുടങ്ങാന്‍ പ്രേരണയായത്‌. മലയാളത്തിനു പുറമേ കന്നഡയിലും തെലുങ്കിലും ഇതോടൊപ്പം ചോട്ടു ടിവി, ഖുശി ടി വി എന്നീ പേരുകളില്‍ സണ്‍ ചാനലുകള്‍ തുടങ്ങുന്നുണ്ട്‌.
രണ്ട്‌ മാസത്തിനുള്ളില്‍ ചാനലുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നു ചുട്ടി ടിവി ഡയറക്ടര്‍ കവിത ജുബിന്‍ പറയുന്നു.പ്രാദേശിക വിനോദ പരിപാടികള്‍ക്ക്‌ പുറമെ കുട്ടികള്‍ക്ക്‌ രുചിക്കുന്ന എല്ലാ വിഭവങ്ങളും ചാനലുകളില്‍ ഉണ്ടാകും. സാധാരണ കാര്‍ട്ടൂണ്‍ ചാനലുകളില്‍ നിന്നും വിഭിന്നമാണ്‌ ചുട്ടി ടിവി. കുട്ടികള്‍ക്കായുള്ള വാര്‍ത്തകളും, പ്രഭാത പരിപാടികളും, റിയാലിറ്റി ഷോകളും, ടോക്‌ ഷോകളും ഒക്കെയായി ചുട്ടി ചുരുങ്ങിയ കാലം കൊണ്ട്‌ തമിഴ്‌ നാട്ടില്‍ കാര്‍ട്ടൂണ്‍ നെറ്റ്‌ വര്‍ക്കിനെയും, ജെറ്റിക്സിനെയും, പോഗോയെയും പിന്നിലാക്കി മുന്നേറി.
തിരുവനന്തപുരത്ത്‌ സൂര്യ ടിവി സ്റ്റുഡിയോയോട്‌ ചേര്‍ന്ന് കൊച്ചു ടിവിക്കായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നറിയുന്നു.കൊച്ചു ടിവി വളര്‍ന്നു വലുതാവട്ടെ എന്നാശംസിക്കുന്നു.

January 8, 2008

പുതിയ വിശേഷങ്ങള്‍ !


കെ.കെ.രാജീവിന്റെ പുതിയ പരമ്പര "കുടുംബയോഗം" ആരംഭിക്കുകയായി. തന്റെ ആദ്യകാല പാളയമായ സൂര്യ ടി വി യിലാണ്‌ ഇത്തവണ രാജീവിന്റെ പ്രൊജക്റ്റ്. പ്രയാണം എന്ന പരമ്പരയൊടെയാണ്‌ സൂര്യയില്‍ ഏഴോ ഏട്ടോ വര്‍ഷങ്ങള്‍ക്കു മുന്‍പ് രാജീവിന്റെ രംഗപ്രവേശം. തുടര്‍ന്നു വന്ന "പെയ്തൊഴിയാതെ"എന്ന സീരിയല്‍ എക്കാലത്തെയും ഹിറ്റായി മാറിയ ഒന്നായിരുന്നു. തിലകന്റെയും ജയഭാരതിയുടെയും മികച്ച അഭിനയവും രാജീവിന്റെ സം വിധാന ശൈലിയും ചേര്‍ന്നപ്പോള്‍ അതേറ്റവും ഹ്രുദ്യമായ ഒരനുഭവമായി പ്രേക്ഷകര്‍ക്ക്. തുടര്‍ന്നും രാജീവ് പരമ്പരകള്‍ സൂര്യയില്‍ തുടര്‍ന്നു കൊണ്ടിരുന്നു. രതീഷും ശ്രീവിദ്യയും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത "വേനല്‍ മഴ"മറ്റൊരു ഹിറ്റായിരുന്നു. പിന്നീട് ഏഷ്യാനെറ്റിലാണ്‌ നമ്മള്‍ രാജീവ് പരമ്പരകള്‍ സ്ഥിരമായി കണ്ടത്. രാജീവിന് അവിടെയും തിളങ്ങാനായി, അമ്മ മനസ്സ് ആരും മറക്കാനിടയില്ല. ഇനി സൂര്യയില്‍ അടുത്ത ദിവസം ആരംഭിക്കുന്ന കുടുംബയോഗത്തിലൂടെ സീരിയല്‍ പ്രേക്ഷകരെ രാജീവിനാകര്‍ഷിക്കാനാവുമൊ എന്നു നോക്കാം.


കൈരളി അഭിമുഖത്തിലൂടെ ടെലിവിഷന്‍ രംഗത്തും പ്രശസ്തനായ ഫാരിസ് ഒരു മലയാളംവാര്‍ത്താ ചാനലിനു പ്ലാന്‍ ചെയ്യുന്നതായി കേള്‍ക്കുന്നു. അടുത്തു തന്നെ നമുക്കതു കണ്ടുതുടങ്ങാനാവുമെന്നു പ്രതീക്ഷിക്കാം.


ഏഷ്യാനെറ്റ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ FICC പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഇക്കഴിഞ്ഞ ദിവസമാണ്‌. ബി.പി.എല്‍ സ്ഥാപകനായ അദ്ദേഹം ഇപ്പൊള്‍ ഇന്‍ഡിഗോ എന്നൊരു മീഡിയ കമ്പനി കൂടെ കൈകാര്യം ചെയ്യുന്നുണ്ട്. ബാംഗ്ഗ്ലൂര്‍ ആസ്ഥാനമായ ജൂപ്പിറ്റര്‍ ഇദ്ദേഹത്തിന്റെ സം രംഭമാണ്‌.


സണ്‍ നെറ്റ്വര്‍ക്ക് തങ്ങളുടെ ചാനലുകളിലെയെല്ലാം പരസ്യ നിരക്ക് പത്തു മുതല്‍ മുപ്പതു ശതമാനം വരെ കൂട്ടി. സൂര്യയിലും കിരണിലും ഉള്‍പ്പെടെ എല്ലാ സണ്‍ ചാനലുകളിലും ഇതു ബാധകമാണ്‌. സണ്‍ ചാനലുകളില്‍ സ്ലോട്ട് വാങ്ങാനും ഫെബ്രുവരി 15 മുതല്‍ നിരക്കു കൂടും.


വിശേഷങ്ങള്‍ ഇനിയും തുടരും.....

January 4, 2008

പുതുവര്‍ഷാഘോഷം | ചാനല്‍‍ സ്റ്റൈല്‍

നവവല്‍സരത്തെ എതിരേല്‍ക്കാനായി ഡിസംബര്‍ മുപ്പത്തി ഒന്നിനു രാത്രി ഉറക്കം മാറ്റി വച്ച് കാത്തിരുന്നവര്‍ മലയാളം ചാനലുകളില്‍ കണ്ടത് വിശേഷപ്പെട്ട കാഴ്ചകളായിരുന്നു. ഇങ്ലിഷ് -ഹിന്ദി - തമിഴ് ദ്രുത ഗാനങ്ങള്‍ക്കൊപ്പിച്ച് ശരീരം കുലുക്കിക്കൊണ്ടുള്ള "ഡാന്‍സ്"! പ്രധാന നഗരങ്ങളില്‍ നിന്നും ലൈവായിത്തന്നെ ഈ മേളം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തിക്കാന്‍ ചാനലുകള്‍ ശരിക്കും മല്‍സരിച്ചു. രാത്രിയുടെ അന്ത്യയാമത്തില്‍ അരങ്ങേറിയ ഈ ആഘോഷങ്ങളില്‍ ആണ്‍ പെണ്‍ ഭേദമന്യെ എല്ലാരും ആനന്ദന്രുത്തമാടി. മികച്ച ക്യാമറകള്‍ വിവിധ ആംഗിളുകളില്‍ ഇവ പകര്‍ന്നു നല്‍കി. വിദേശങ്ങളില്‍ നടക്കുന്നുവെന്നു കേട്ടറിഞ്ഞ ഇത്തരം ന്രുത്തങ്ങള്‍ തത്സമയം കാണാന്‍ കുഗ്രാമങ്ങളില്‍ പോലും അവസരം കിട്ടി. ത്രിശ്ശൂരിലെയും, കൊച്ചിയിലെയും, കോവളത്തെയും, തിരുവന്തപുരത്തെയും ആഘോഷത്തിമര്‍പ്പ് ലോകമെ‍മ്പാടും തല്‍സമയം എത്തിക്കുന്നതില്‍ മലയാളത്തിലെ പ്രധാന ചാനലുകളിലൊരു വിഭാഗം വിജയിച്ചു.മനോരമയും, സൂര്യയും, കിരണും ഒഴികെ ഏതാണ്ടെല്ലാ ചാനലുകളിലും ഇതായിരുന്നു ന്യു ഇയര്‍ ഈവ് ! ഇത്തവണത്തെ ലൈവില്‍ പെടാന്‍ കഴിയാതെ നിരാശ പൂണ്ടവര്‍ ഇപ്പൊഴേ ചാനല്‍ അധിപന്മാരുമായി ബന്ധപ്പെട്ട് അടുത്ത വര്‍ഷം തങ്ങളുടെ നാട്ടില്‍ നിന്നു ലൈവണേ എന്ന് അഭ്യര്‍ത്ഥിച്ചു തുടങ്ങിയിരിക്കുന്നു എന്നു പിന്നാമ്പുറ വാര്‍ത്ത. ഇതുകൂടി: ഈ കൂത്തുകള്‍ക്കിടയില്‍ ആരൊ ഒരു വിദേശ വനിതയെ കയറിപ്പിടിച്ചുവെന്ന് പത്രവാര്‍ത്ത. പ്രതികളെ പോലീസ് തിരയുന്നു. ഇതും ലൈവില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ പോലീസിന്റെ ജോലി എളുപ്പമായേനെ, പ്രതിയെയോ പ്രതികളെയോ ടേപ്പ് നോക്കി പിടിച്ചു കൂട്ടിലിടാമായിരുന്നു എന്നോരു പാവം പോലീസുകാരന്റെ ആത്മഗതം. അയ്യേ..ഈ പോലീസിന്റെ ഒരു കാര്യം..ഒന്നുമറിയാത്ത പോലെ...ഈ ചാനലുകള്‍ മുഖത്തിനു കാര്യമായ പ്രാധാന്യം നല്‍കിയാലല്ലേ അതു സാധ്യമാവൂ, അല്ല പിന്നെ...