സണ്‍ ഡയറക്ട് ഡി.ടി.എച്ച് ഉപകരണങ്ങളില്‍ ചില സാങ്കേതിക മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും നിങ്ങളുടെ മേഖലയിലെ ഡീലര്‍ മുഖാന്തിരം ഒരു ടെക്നീഷ്യന്‍ വീട്ടില്‍ വന്ന് അത് ചെയ്തു തരുന്നതാണെന്നും ഇത് തികച്ചും സൗജന്യമാണെന്നും സണ്‍ ഡയറക്ട് അധികൃതര്‍ ഒരറിയിപ്പില്‍ പറയുന്നു. ഉപഭോക്താക്കളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്നും കുറിപ്പിലുണ്ട്.
ഇനി ഈ സാങ്കേതികവശം എന്തെന്നു കൂടി അറിയുക.
ഇക്കഴിഞ്ഞ ജൂലൈ ഏഴാം തിയതി രാത്രി വൈകിയാണ് അപൂര്‍വ്വമായ 'സംഭവം' ഉണ്ടായത്. അതായത് ഇന്‍സാറ്റ് 4ബി ഉപഗ്രഹത്തില്‍ വൈദ്യുത തകരാറ്. ഐ.അസ്.ആര്‍.ഓ 2008ല്‍ വിജയകരമായി വിക്ഷേപിച്ച ഉപഗ്രഹമാണ് ഇന്‍സാറ്റ് 4ബി. ഇന്ത്യയിലും ഗള്‍ഫ് മേഖലകളിലും ഒരു പോലെ നല്ല കവറേജ് ഉള്ള അപൂര്‍വ്വം ഉപഗ്രഹങ്ങളില്‍ ഒന്നാണ് ഇന്‍സാറ്റ് 4ബി. പ്രധാനമായും സാറ്റലൈറ്റ് ചാനലുകളെ ഉദ്ദേശിച്ചുകൊണ്ടുള്ള രൂപകല്പനയുമായിരുന്നു ഈ ഉപഗ്രഹത്തിന്റേത്. സി ബാന്‍ഡിലും കെയു ബാന്‍ഡിലുമായി ഭൂരിഭാഗം ട്രാന്‍സ്പോണ്ടറുകളൂം സണ്‍ നെറ്റ്വര്‍ക്ക് സ്വന്തമാക്കി. കെയു ബാന്‍ഡില്‍ ബാക്കി വന്നത് ദൂരദര്‍ശനും ഉപയോഗിച്ചുവരുന്നു.
അങ്ങനെ കാര്യങ്ങള്‍ സുഗമമായി പോയിക്കൊണ്ടിരിക്കെ ഈ ജൂലൈ 7നാണ് ഉപഗ്രഹത്തില്‍ വൈദ്യുതി തകരാറുണ്ടായത്. ഇതാകട്ടെ കൂടുതല്‍ ബാധിച്ചത് സണ്‍ ഡയറക്ടിനെയും ! ഏതാണ്ട് ആറു മില്ല്യണ്‍ കണക്ഷനുകളുമായി രാജ്യത്തെ രണ്ടാമത്തെ വലിയ ഡി.ടി.ഏച്ച് എന്ന പദവിയില്‍ വെറും രണ്ടു വര്‍ഷം കൊണ്ടെത്തിനില്‍ക്കുന്ന സണ്‍ ഡയറക്ട് സംപ്രേക്ഷണം കുറച്ചു ദിവസത്തേക്കെങ്കിലും തകരാറിലാക്കുവാന്‍ ഇതു കാരണമായി.
പൊടുന്നനെ ഓര്‍ക്കാപ്പുറത്ത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി സംഭവിക്കാവുന്ന ഇത്തരം ഒരു തകരാറില്‍ നിന്നും 75% ത്തോളം സണ്‍ അല്പ ദിവസങ്ങള്‍ക്കുള്ളില്‍ കരകയറിയെങ്കിലും മുന്നോട്ടുള്ള ഭാവി അനിശ്ചിതത്വത്തിലായി. ലഭ്യമായ ചുരുങ്ങിയ ട്രാന്‍സ്പോണ്ടറുകള്‍ കൊണ്ട് മുഴുവന്‍ ചാനലുകളൂം പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാതായ അവസ്ഥ. മലയാളത്തില്‍ ചിരിത്തിര, ഇന്ത്യാവിഷന്‍, കൈരളി വി എന്നീ ചാനലുകള്‍ ലഭിക്കാതെയായി. ഇതു പോലെ ഒന്നും രണ്ടുമായി മറ്റു ഭാഷാ ചാനലുകളും അപ്രത്യക്ഷമായി.
ഉപഗ്രത്തിലെ ഇങ്ങനെ ഒരു തകരാറു പരിഹരിക്കുക എന്നത് അത്ര എളുപ്പമല്ലാത്ത സാഹചര്യത്തില്‍ സംപ്രേക്ഷണം മറ്റൊരു ഉപഗ്രഹത്തിലേക്ക് മാറ്റുക എന്ന അത്യന്തം ശ്രമകരമായ ഒരു പോം വഴിയേ പിന്നെ സണ്‍ ഗ്രൂപ്പിനു മുന്നിലുള്ളൂ. അതും 200-ഓളം ചാനലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടത്ര ട്രാന്‍സ്പോണ്ടറുകള്‍ കെയു ബാന്‍ഡില്‍ ലഭ്യമായ ഇന്ത്യയില്‍ നല്ല കവറേജ് ഉള്ള ഉപഗ്രഹം തന്നെ വേണം. ആദ്യം ഏഷ്യസാറ്റില്‍ ടെസ്റ്റിങ്ങ് നടത്തിയെങ്കിലും പിന്നീട് മലേഷ്യന്‍ ഉപഗ്രഹമായ മിയാസാറ്റില്‍ നിന്നും സംപ്രേക്ഷണം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
മിയാസാറ്റിലും സണ്ണിന് ആവശ്യമായത്ര ഫ്രീക്വന്‍സികള്‍ ലഭ്യമായിട്ടില്ല, എന്നാലും ഉള്ളതുകൊണ്ട് എല്ലാ ചാനലുകളും തടസ്സമില്ലാതെ നല്‍കാനാവും, ഇപ്പോള്‍.
കഴിഞ്ഞ ഏതാണ്ടൊരുമാസമായി മിയാസാറ്റില്‍ ടെസ്റ്റിങ്ങ് തുടരുകയായിരുന്ന സണ്‍ ഡയറക്ട് ഇന്ന് ഔദ്യോഗികമായി സാറ്റലൈറ്റ് മാറ്റം സ്ഥിരീകരിച്ചു. ഉപഭോക്താക്കള്‍ സണ്‍ ഡയറക്ട് നല്‍കിയ ഡീലറുമായി ഫോണില്‍ ബന്ധപ്പെട്ട് സ്മാര്‍ട്ട് കാര്‍ഡ് നമ്പറും ഫോണ്‍ നമ്പറും നല്‍കയാല്‍ ഊഴമനുസരിച്ച് ടെക്നീഷ്യന്‍ വന്ന് കണക്ഷന്‍ ശരിയാക്കിത്തരും. ഇന്‍സാറ്റ് 4ബിയിലെ സംപ്രേക്ഷണം തുടരുന്നതിനാല്‍ ടിവി കാഴ്ചക്ക് തടസ്സം നേരിടാതെ അല്പ ദിവസങ്ങള്‍ക്കുള്ളില്‍ സംഗതി ശരിയാക്കിത്തരും എന്ന് സാരം. ടെക്നീഷ്യന്മാര്‍ക്ക് പണി നിസ്സാരമല്ല, ഏകദേശം 6 മില്ല്യണ്‍ കണക്ഷനാണ് സണ്‍ ഡയറക്ടിനുള്ളത് - ഇന്ത്യയൊട്ടാകെ. ഇത്രയും ഭവനങ്ങളില്‍ പോയി സാറ്റലൈറ്റ് പൊസിഷനിലെ ചെറിയ മാറ്റം വരുത്തി ഉപകരണം (STB) റീട്യൂണ്‍ ചെയ്യേണ്ടേ. !!
എന്തായാലും ജൂലൈ 7 മുതല്‍ 'കണ്‍ഫ്യൂഷനി' ലായിരുന്ന സണ്‍ ഡയറക്ട് ടെലിക്കാസ്റ്റ് ഇനി പ്രശ്നരഹിതമായി തുടരും.
August 31, 2010
സണ്‍ ഡയറക്ട് | അറിയിപ്പ്
Subscribe to:
Posts (Atom)