"നിങ്ങളൊരു പ്രസ്ഥാനമാണു കൊച്ചമ്മാ.." മോനിലാലിന്റെ ഈ കമന്റ് കേട്ടാല്‍ മതി ചന്ദ്രമതിക്കൊച്ചമ്മ (മല്ലികാ സുകുമാരന്‍) വിതുമ്പാന്‍ തുടങ്ങും. മലയാള ടെലിവിഷന്‍ ചാനലുകളില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന കോമഡി സീരിയല്‍ ഫോര്‍മുല: മല്ലികാ സുകുമാരന്‍ - മഞ്ജുപിള്ള - മോനിലാല്‍ (അമ്മായി-മരുമകള്‍-വേലക്കാരന്) കോമ്പിനേഷനു തുടക്കം കുറിച്ച സീരിയലായിരുന്നു, സൂര്യയിലെ ഇന്ദുമുഖി ചന്ദ്രമതി. രണ്ടു നായികമാര്‍ക്കും ഒപ്പത്തിനൊപ്പം നില്ക്കുന്ന മുഴുനീള റോളായിരുന്നു മോനി അതില്‍ ചെയ്തത്. പരമ്പരക്കൊപ്പം മോനിലാലും മിനിസ്ക്രീനില്‍ ഹിറ്റായി. സൂര്യ ടിവിയിലൂടെത്തന്നെയാണ് മോനിയെ പ്രേക്ഷകര്‍ കണ്ടുതുടങ്ങിയത്. നുറുങ്ങുകള്‍ എന്നായിരുന്നു ആ പരിപാടിയുടെ പേര്. പിന്നീടങ്ങോട്ട് മോനി ടെലിവിഷന്‍ ചാനലുകളിലെ സജീവ സാന്നിധ്യമായി.
ഇന്ന് നമ്മോടൊപ്പം മോനിലാലില്ല. വെള്ളിയാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മോനിക്ക് പരിക്കേല്‍ക്കുകയും ആശുപത്രിയിലെത്തിയപ്പോഴേക്കും ജീവഹാനി സംഭവിക്കുകയും ചെയ്തു. വാര്‍ത്തയറിഞ്ഞ സഹപ്രവര്‍ത്തകര്‍ക്കും മാധ്യമസുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനായില്ല, സഹിക്കാനും. കലാഭവന്‍ തീയ്യേറ്ററില്‍ പൊതു ദര്‍ശനത്തിന് മൃതദേഹം എത്തിയപ്പോഴും പിന്നീട് വീട്ടിലും ടിവി കലാകരന്മാരടക്കം വന്‍ ജനാവലിയെത്തിയിരുന്നു. മോനിയോടൊപ്പം ആദ്യകാലം മുതലിപ്പോള്‍ തിരുടാ തിരുടി വരെ ഒന്നിച്ചഭിനയിച്ച ജോബിയും ഉണ്ടായിരുന്നു അവിടെ.
പല ചാനലുകളിലും മോനിലാല്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും സൂര്യ യായിരുന്നു ഇദ്ദേഹത്തിന്റെ തട്ടകം. സൂര്യയില്‍ മോനി ചെയ്ത പരിപാടികളെല്ലാം ഹിറ്റുകളായിരുന്നു. സൂര്യയുടെ അവതാരകര്‍ ഒന്നിക്കുന്ന പരിപാടികളിലും മോനി പങ്കെടുക്കാറുണ്ടായിരുന്നു.
മോനിലാലിന്റെ മരണം നമുക്ക്, മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വലിയ ആഘാതമാണ്. രണ്ടു പെണ്മക്കാളാണ് മോനിലാലിന്. തന്റെ മുപ്പതുകളില്‍ ജീവന് നഷ്ടപ്പെടേണ്ടിവന്ന മോനിക്ക് ഇനിയുമെത്രയോ തിളങ്ങാനുള്ളതായിരുന്നു. മോനിലാലിന്റെ ദേഹവിയോഗത്തില്‍ ദു:ഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം നമ്മളും ചേരുന്നു.
May 18, 2008
Subscribe to:
Posts (Atom)