May 18, 2008

മോനിലാലിന്‌ കണ്ണീരോടെ വിട

"നിങ്ങളൊരു പ്രസ്ഥാനമാണു കൊച്ചമ്മാ.." മോനിലാലിന്റെ ഈ കമന്റ് കേട്ടാല്‍ മതി ചന്ദ്രമതിക്കൊച്ചമ്മ (മല്ലികാ സുകുമാരന്‍) വിതുമ്പാന്‍ തുടങ്ങും. മലയാള ടെലിവിഷന്‍ ചാനലുകളില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന കോമഡി സീരിയല്‍ ഫോര്‍മുല: മല്ലികാ സുകുമാരന്‍ - മഞ്ജുപിള്ള - മോനിലാല്‍ (അമ്മായി-മരുമകള്‍-വേലക്കാരന്‍) കോമ്പിനേഷനു തുടക്കം കുറിച്ച സീരിയലായിരുന്നു, സൂര്യയിലെ ഇന്ദുമുഖി ചന്ദ്രമതി. രണ്ടു നായികമാര്‍ക്കും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന മുഴുനീള റോളായിരുന്നു മോനി അതില്‍ ചെയ്തത്. പരമ്പരക്കൊപ്പം മോനിലാലും മിനിസ്ക്രീനില്‍ ഹിറ്റായി. സൂര്യ ടിവിയിലൂടെത്തന്നെയാണ്‌ മോനിയെ പ്രേക്ഷകര്‍ കണ്ടുതുടങ്ങിയത്. നുറുങ്ങുകള്‍ എന്നായിരുന്നു ആ പരിപാടിയുടെ പേര്‌. പിന്നീടങ്ങോട്ട് മോനി ടെലിവിഷന്‍ ചാനലുകളിലെ സജീവ സാന്നിധ്യമായി.
ഇന്ന് നമ്മോടൊപ്പം മോനിലാലില്ല. വെള്ളിയാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മോനിക്ക് പരിക്കേല്‍ക്കുകയും ആശുപത്രിയിലെത്തിയപ്പോഴേക്കും ജീവഹാനി സംഭവിക്കുകയും ചെയ്തു. വാര്‍ത്തയറിഞ്ഞ സഹപ്രവര്‍ത്തകര്‍ക്കും മാധ്യമസുഹൃത്തുക്കള്‍ക്കും വിശ്വസിക്കാനായില്ല, സഹിക്കാനും. കലാഭവന്‍ തീയ്യേറ്ററില്‍ പൊതു ദര്‍ശനത്തിന്‌ മൃതദേഹം എത്തിയപ്പോഴും പിന്നീട് വീട്ടിലും ടിവി കലാകരന്മാരടക്കം വന്‍ ജനാവലിയെത്തിയിരുന്നു. മോനിയോടൊപ്പം ആദ്യകാലം മുതലിപ്പോള്‍ തിരുടാ തിരുടി വരെ ഒന്നിച്ചഭിനയിച്ച ജോബിയും ഉണ്ടായിരുന്നു അവിടെ.
പല ചാനലുകളിലും മോനിലാല്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും സൂര്യ യായിരുന്നു ഇദ്ദേഹത്തിന്റെ തട്ടകം. സൂര്യയില്‍ മോനി ചെയ്ത പരിപാടികളെല്ലാം ഹിറ്റുകളായിരുന്നു. സൂര്യയുടെ അവതാരകര്‍ ഒന്നിക്കുന്ന പരിപാടികളിലും മോനി പങ്കെടുക്കാറുണ്ടായിരുന്നു.
മോനിലാലിന്റെ മരണം നമുക്ക്, മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വലിയ ആഘാതമാണ്‌. രണ്ടു പെണ്മക്കാളാണ്‌ മോനിലാലിന്‌. തന്റെ മുപ്പതുകളില്‍ ജീവന്‍ നഷ്ടപ്പെടേണ്ടിവന്ന മോനിക്ക് ഇനിയുമെത്രയോ തിളങ്ങാനുള്ളതായിരുന്നു. മോനിലാലിന്റെ ദേഹവിയോഗത്തില്‍ ദു:ഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം നമ്മളും ചേരുന്നു.

6 comments:

അനില്‍ശ്രീ... said...

നല്ലൊരു സ്വഭാവിക ഹാസ്യ നടന്‍ ആയിരുന്നു അദ്ദേഹം. എന്റെ ആദരാഞ്ജലികള്‍..

അഞ്ചല്‍ക്കാരന്‍ said...
This comment has been removed by the author.
അഞ്ചല്‍ക്കാരന്‍ said...

ലാളിത്യമാര്‍ന്ന അഭിനയ ശൈലി കൊണ്ട് വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു നടനായായിരുന്നു മോനിലാല്‍. നമ്മോടൊപ്പം ഇടപഴകുന്ന ഒരാളുടെ ഭാവഹാതികളായിരുന്നു മോനിലാലിന്റേത്. അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാന്‍ ആവുമായിരുന്നില്ല.


ആദരാഞ്ജലികള്‍...

കാര്‍വര്‍ണം said...

ആദരാഞ്ജലികള്‍..
നുറുങ്ങുകളിലൂടെ മോനിയുടെ ആരാധികയായി മാറിയ ഒരാളാണു ഞാന്‍.സെക്കന്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേയ്കു വരുമ്പോള്‍ ആക്സിഡ്ന്റു നടന്നു അല്പനേരം കഴിഞ്ഞതേ ഉള്ളായിരുന്നു. പരിക്കേറ്റവരെ ഒരു പോലീസ് വണ്ടിയില്‍ കയറ്റുന്നുണ്ടായിരുന്നു. പക്ഷേ അതെ മോനിലാലാണെന്ന് അറിഞ്ഞത് പിറ്റേന്ന് ഉച്ചയ്ക്ക് സൂര്യ വാര്‍ത്ത കണ്ടപ്പോള്‍.

ഏറനാടന്‍ said...

പാവം മോനിലാലിന് നിത്യശാന്തി. ഇന്ദുമുഖി ചന്ദ്രമതി എന്ന സീരിയലില്‍ ഒരുമിച്ച് സീനുകള്‍ ഇല്ലായിരുന്നെങ്കിലും അദ്ധേഹത്തെ അടുത്തറിയാനും പരിചയപ്പെടാനും എനിക്ക് അവസരം കിട്ടിയിരുന്നു. സീരിയല്‍ അഭിനയത്തെക്കുറിച്ച് നല്ല ക്ലാസ്സ് മോനിലാല്‍ എനിക്ക് തന്നു. പിന്നീട് കാണുമ്പോഴും പരിചയഭാവം കാണിക്കുന്ന അപൂര്‍വം നടന്മാരില്‍ ഒരാള്‍ ആയിരുന്നു മോനിലാല്‍. അദ്ധേഹത്തിന്റെ വിയോഗത്തില്‍ അവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു..

rajesh said...

ആദരാന്‍ജലികള്‍. സീരിയലുകള്‍ കാണാറില്ല അതിനാല്‍ വലിയ പരിചയമില്ലെങ്കിലും വളരെ പോപ്പുലര്‍ ആയിരുന്നു എന്നറിയാം.

അതോടൊപ്പം എറണാകുളത്തുള്ളതുപോലെ തിരുവനന്തപുരത്തും ഹെല്‍മെറ്റ്‌ കര്‍ശനമാക്കിയിരുന്നെങ്കില്‍ ഒരു പക്ഷേ അദ്ദേഹത്തിന്‌ head injury ഉണ്ടായി മരിക്കുകയില്ലായിരുന്നു എന്നൊരു തോന്നല്‍. ചിലപ്പോള്‍ ഈ അവസരത്തില്‍ ഇതു പറയുന്നത്‌ തെറ്റായിരിക്കാം പക്ഷേ എന്നാലും ഒരു തോന്നല്‍.

നമ്മള്‍ നടന്നു പോകുമ്പോള്‍ തല വല്ലയിടത്തും തട്ടിയാല്‍ വേദന എടുക്കുന്നതിന്റെ എത്രയോ മടങ്ങ്‌ കൂടുതലാണ്‌ ബൈക്കില്‍ നിന്നു വീഴുമ്പ്പോള്‍ ഉള്ള ആഘാതം എന്ന് നാം എന്നാണ്‌ ഒന്നു മനസ്സിലാക്കുക.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 1462 പേര്‍ ബൈക്കില്‍ നിന്നു വീണു മരിച്ചു. ഇക്കൊല്ലമോ????????