March 19, 2012

കോടികളുമായി ചാനലുകൾ

ചാനൽ ബിസിനസ്സെന്നാൽ കോടികളുടെ കളിയാണ്. ഇതിൽ വിജയിക്കുന്നവരും തട്ടിമുട്ടി ജീവിച്ചുപോകുന്നവരും ഉണ്ട്.

1998ൽ യുകെയിൽ ആരംഭിച്ച ‘കാഷ് മൗണ്ടൻ’ എന്ന പേരിൽ തുടങ്ങി ‘ഹൂ വാണ്ട്സ് ടു ബി എ മില്ല്യണയർ’ എന്ന രണ്ടാം പേരിൽ പ്രശസ്തമായ ടെലിവിഷൻ ഷോയുടെ ഇന്ത്യൻ രൂപം 2000 ൽ ‘ കോൻ ബനേഗ കരോർപതി’ എന്ന പേരിൽ നമ്മൾ കണ്ടുതുടങ്ങി. സോണി പിക്ചേഴ്സിന് ആഗോള അവകാശമുള്ള ഈ പരിപാടി സ്റ്റാർ പ്ലസ്സിലും പിന്നീട് സോണി ടിവിയിലും ഇന്ത്യയിൽ പ്രശസ്തമായി. ഇതിന്റെ തെന്നിന്ത്യൻ വേർഷൻ അവതരിപ്പിച്ചത് ‘സൺ’ നെറ്റ് വർക്കായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷയിൽ യഥാക്രമം സൂര്യ, സൺ, ജെമിനി, ഉദയ എന്നീ ചാനലുകളിൽ സൂപ്പർ ഹിറ്റായിരുന്നു ‘കോടീശ്വരൻ’. മലയാളത്തിൽ മുകേഷും തമിഴിൽ ശരത്കുമാറുമായിരുന്നു അവതാരകർ. അക്കാലത്തെ റേറ്റിംഗ് ചാർട്ടുകളിൽ ഒന്നാമതായിരുന്നു കോടീശ്വരൻ.

പിന്നീട് വർഷങ്ങൾക്കിപ്പുറം തെന്നിന്ത്യയിൽ ‘മണി’ കിലുക്കവുമായി സൺ വീണ്ടും രംഗത്തെത്തി. ഡച്ച് ടെലിവിഷൻ നിർമ്മാണ ഭീമന്മാരായ ‘എൻഡെമൊൾ’ഗ്രൂപ്പുമായി സഹകരിച്ച് ‘ഡീൽ ഓർ നോ ഡീൽ’ എന്ന ഷോ നാലു തെന്നിന്ത്യൻ ഭാഷകളിൽ സൺ ആരംഭിച്ചു. ഒരു രൂപ മുതൽ അൻപത് ലക്ഷം വരെ ലഭിക്കാവുന്ന ഷോ ആണ് ഡീൽ ഓർ നോ ഡീൽ. മുകേഷിന്റെ അവതരണത്തിൽ സൂപ്പർ ഹിറ്റായി ഇപ്പോഴും സൂര്യയിൽ ഡീൽ ഓർ നോ ഡീൽ സജീവമായി നിലനിൽക്കുന്നു. ഡീൽ ഓർ നോ ഡീൽ ഒരു ഭാഗ്യപരീക്ഷണത്തിനപ്പുറം വളർന്നു കഴിഞ്ഞു. ഡീൽ ഓർ നോ ഡീൽ ഷോയിലെ അനുഭവങ്ങൾ ഉൾക്കൊണ്ട് മുകേഷ് ആരംഭിച്ച ‘ മുകേഷ് ഫൗണ്ടേഷൻ’ എന്ന സംഘടന ഇന്ന് സമൂഹത്തിൽ അശരണരായ നിരവധിപേർക്ക് സഹായമെത്തിക്കുന്നു.


ഡീൽ ഓർ നോ ഡീലിനെ നേരിടാൻ മറുപരിപാടിയൊന്നുമില്ലാതെ എതിർ ചാനലുകൾ വിഷമിക്കുന്ന സമയത്താണ് സൺ അടുത്ത വെള്ളിടിയുമായി രംഗത്തുവരാനൊരുങ്ങിയത്. ‘എൻഡെമൊൾ’ ഗ്രൂപ്പിന്റെ മറ്റൊരു സൂപ്പർ ഹിറ്റ് ഷോ ആയ ‘മില്ല്യൺ പൗണ്ട് ഡ്രോപ്പ്’ എന്ന കോടിക്കളിയുടെ തെന്നിന്ത്യൻ വേർഷന് സൺ പടയൊരുക്കം തുടങ്ങി. ഇനി വൈകിക്കൂടാ എന്നു മനസ്സിലാക്കിയ സ്റ്റാർ ഗ്രൂപ്പ് തെന്നിന്ത്യയിലേക്ക് ‘ കോൻ ബനേഗ കരോർപതി’ യെ ഇറക്കുവാൻ തീരുമാനിച്ചു. മലയാളത്തിൽ സ്റ്റാർ ഏഷ്യാനെറ്റിലും, തമിഴിൽ സ്റ്റാർ വിജയിലും മറ്റുമായി ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ വരികയായി. സുരേഷ് ഗോപിക്കാണ് അവതാരകന്റെ റോൾ. സുരേഷ് ഗോപിയും ഏഷ്യാനെറ്റുമായുള്ള ഒരു വർഷത്തേക്കുള്ള കരാർ ആറുകോടിയാണെന്നും സൂര്യ ടിവിയും
അവതാരകയായെത്തുന്ന നടി മംമ്ത യുമായുള്ള കരാർ പതിനേഴ് കോടിയുമാണെന്നാണ് അറിയുവാൻ കഴിഞ്ഞത്. ‘കയ്യിൽ ഒരു കോടി, ആർ യു റെഡി’ എന്ന പേരിലെത്തുന്ന സൂര്യ ഷോയിൽ പങ്കെടുക്കുന്ന ജോഡികൾക്ക് ഒരു കോടി രൂപ ആദ്യമേ കയ്യിൽ നൽകുകയാണ്. ഈ മാർച്ച് 26 മുതൽ സൂര്യ ടിവിയിൽ ദിവസവും രാത്രി 8 മണി മുതൽ ‘കയ്യിൽ ഒരു കോടി, ആർ യു റെഡി’ ആരംഭിക്കുകയാണ്. ഏഷ്യാനെറ്റിന്റെ ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ മിക്കവാറും ഏപ്രിൽ മാസത്തിലായിരിക്കും ആരംഭിക്കുക.



മലയാളം ടെലിവിഷൻ റേറ്റിംഗ് ചാർട്ടുകളിൽ ഒപ്പത്തിനൊപ്പം കളിക്കുന്ന സൂര്യയും ഏഷ്യാനെറ്റും കോടിക്കളിയിൽ എങ്ങിനെയായിരിക്കും എന്നറിയാൻ ടെലിവിഷൻ കുതുകികൾ കാത്തിരിക്കുകയാണ്. സൂര്യ സമയം പ്രഖ്യാപിച്ച് മുന്നോട്ട് പോകുകയാണ്. ഏഷ്യാനെറ്റ് ഇതിനെ വെല്ലാൻ ഏതു സ്ലോട്ടായിരിക്കും തെരഞ്ഞെടുക്കുക ?!!

എന്തായാലും കുറേ മലയാളികൾക്ക് പണം കിട്ടാൻ ഇതവസരമൊരുക്കുന്നു. സമൂഹത്തിൽ പല തരത്തിൽ അവശതയനുഭവിക്കുന്നവർക്ക് മുൻഗണന നല്കി ഒരു ഗെയിം ഷോയിലുപരി ഒരു ചാരിറ്റി ഷോ എന്ന നിലയിലെത്തിയിരിക്കുകയാണ് ഡീൽ ഓർ നോ ഡീൽ ഇപ്പോൾ. പുതിയ ‘കോടി’ ഷോകൾ ചാനലുകൾക്കൊപ്പം
നാട്ടുകാർക്കു കൂടി ഉപകാരപ്രദമാവട്ടേ എന്നു പ്രത്യാശിക്കാം.



1 comment:

Web Dunia said...

ഡിസംബർ 12,2008 (വെള്ളി ടിവി പരിപാടികൾ)