വിദേശങ്ങളില്‍ വിജയത്തിന്‍റെ വെന്നിക്കൊടി പാറിച്ച റിയാലിറ്റി ഷോകളുടെ ഇന്‍ഡ്യന്‍ പറിച്ചു നടല്‍ ആദ്യമായി നാം കണ്‍ടതു ഹിന്ദി ചാനലുകളിലാണ്. പക്ഷെ അതൊന്നും മലയാളികളുടെ തലക്കു പിടിച്ചില്ല..ഇതിന്‍റെ തന്നിന്‍ഡ്യന്‍ പതിപ്പ് ആദ്യം അവതരിപ്പിച്ചത് തമിഴ് ചാനലായ വിജയ് ടി.വി യിലാണെന്നാണ് ഓര്‍മ്മ. ഇതിനിടെ തുടരെത്തുടരെ സീരിയലുകള്‍ക്കെറ്റ ദയനീയ പരാജയം പുതു ചാനലായ അമൃതയെ മറ്റൊരു വഴിക്കു ചിന്തിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കയായിരുന്നു. എന്തു വിദ്യ കാട്ടി സൂര്യയുടെയും ഏഷ്യാനെറ്റിന്‍റെയും മുന്നില്‍ നിന്നും പ്രേക്ഷകരെ അല്പമെങ്കിലും ആകര്‍ഷിക്കാം എന്ന ചിന്ത റിയാലിറ്റികളുടെ മലയാളം പതിപ്പിന് അമൃതയിലൂടെ വഴിയൊരുക്കി. അതായിരുന്നു തുടക്കം.
അമൃതയില്‍ സംഭവം പതുക്കെ പച്ച പിടിച്ചു തുടങ്ങിയപ്പൊള്‍ അങ്കലാപ്പിലായതു ഏഷ്യാനെറ്റാണ്. പ്രൈം ടൈമില്‍ “മോണൊപൊളി” തുടരുകയായിരുന്ന സൂര്യയെ തളക്കാന്‍ വഴി കാണാതെ വലയുകയായിരുന്ന ഏഷ്യാനെറ്റിന് അല്പമെങ്കിലും ആശ്വാസം കിട്ടിയതു സ്വാമി അയ്യപ്പന്‍റെ വരവൊടെയാണ്. പതിയെ പതിയെ സൂര്യയുടെ കായംകുളം കൊച്ചുണ്ണിയെ വെല്ലാന്‍ അയ്യപ്പനായി. എങ്കിലും ഇന്‍ഡ്യന്‍ ടെലിവിഷനില്‍ ഏറ്റവും “പ്രസ്റ്റീജ് സ്ലൊട്ടായ” ഒന്‍പതു മണി തൊട്ട് ഒന്‍പതര വരെ സൂര്യയുടെ മിന്നുകെട്ട് അരങ്ങു തകര്‍ത്ത് മുന്നേറിക്കൊണ്ടിരുന്നു.ഇത്തരുണത്തില്‍ അമൃതയുടെ മുന്നേറ്റം കൂടി താങ്ങാന്‍ ഏഷ്യാനെറ്റിനു കഴിയുമായിരുന്നില്ലാ. എന്തെങ്കിലും ചെയ്തെ മതിയാവൂ എന്നായി. എങ്കില്‍, സീരിയല്‍ തന്ത്രം പാളുന്ന അവസ്ഥയില്‍ റിയാലിറ്റി തന്നെയായിക്കൊട്ടെ എന്നു കരുതി ഏഷ്യാനെറ്റും രംഗത്തെത്തി, സ്റ്റാര്‍ സിംഗര്‍ അവിടെ ജനിച്ചു ! അതിശയമെന്നു പറയട്ടെ..മറ്റെല്ലാവരെയും പിന്തള്ളിക്കൊണ്ടു സ്റ്റാര്‍ സിംഗര്‍ മുന്നേറി. ടി ആര്‍ പി റേറ്റിങില്‍ ചുരുങ്ങിയ സമയം കൊണ്ടു സംഭവം മുന്നിലെത്തി. ഇന്നും മറ്റെല്ലാവരെയും പിന്നിലാക്കി ഐഡിയ സ്റ്റാര്‍ സിംഗര്‍ മുന്നില്‍ നില്‍ക്കുന്നു. അമൃതയില്‍ ഇതിനൊടകം ധാരാളം റിയാലിറ്റി ഷോകള്‍ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടെങ്കിലും ഒന്നും കാര്യമായി രക്ഷപ്പെട്ടില്ലാ എന്നതാണു സത്യം. ഇതേ അവസ്ഥ തന്നെ സൂര്യയുടെ സൂപ്പര്‍ സിങ്ങറിനും സംഭവിച്ചു.എസ്.എം.എസ് വോട്ടിങ്ങിലൂടെയല്ലാതെ വിജയിയെ തെരഞ്ഞെടുക്കുന്ന രീതിയുമായി രംഗത്തെത്തിയ സൂര്യക്കും തിളങ്ങാനായില്ല. കൈരളിയുടെ ഗതിയും മറ്റൊന്നായിരുന്നില്ല. ഇന്നിപ്പോള്‍ സൂര്യയൊഴികെ മറ്റു പ്രമുഖ മലയാള വിനോദ ചാനലുകളെല്ലാം റിയാലിറ്റി മല്‍സരത്തില്‍ ആഞ്ഞു പിടിക്കുമ്പൊഴും ഏറെ മുന്നില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ തന്നെ !
ഏന്തു കൊണ്ട്? അതാണിവിടുത്തെ ചോദ്യം !
മറ്റുള്ളവയില്‍ നിന്നും സ്റ്റാര്‍ സിംഗറിനു മാത്രം എന്താണിത്ര പ്രത്യേകത? കഴിവുള്ള പാട്ടുകാരായിരുന്നു എല്ലാ ചാനലുകളിലും മല്‍സരിച്ചത്. സ്റ്റേജിന്റെ ഭംഗിയും മോശമായിരുന്നില്ലാ. പിന്നെ?
എനിക്കു തൊന്നുന്നു… സംഗീതവും, കോമഡിയും,കണ്ണീരും, ആക്ഷന്‍ ഡാന്‍സും,ലൈംഗീകതയും ചേരും പടി ചേര്‍ക്കാന്‍ കഴിഞ്ഞതാണു ഐഡിയ സ്റ്റാര്‍ സിംഗറിന്‍റെ വിജയ രഹസ്യം. ലൈംഗീകത എന്നാല്‍ ഇറുകിയതും ചെലപ്പോഴൊക്കെ ചെറിയതുമായ ആഡംബര വസ്ത്രങ്ങളണിഞ്ഞ “ഗായക നൃത്ത സംഘങ്ങളുടെ” അംഗചലനങ്ങളുടെ ക്ലോസപ്പ് വ്യക്തമായി പകര്‍ന്നുനല്‍കുന്ന സേവനം എന്നര്‍ത്ഥം !എല്ലാര്‍ക്കും അതങ്ങു പിടിച്ചു..എഷ്യാനെറ്റ് അധികൃതര്‍ പോലും പ്രതീക്ഷിക്കാത്ത ഈ വിജയം മൊത്തത്തില്‍ ഏഷ്യാനെറ്റിനു വളരെ ഗുണം ചെയ്തുവെന്നതാണു സത്യം.
ഏഷ്യാനെറ്റ് സീരിയലുകളും രക്ഷപ്പെട്ടു തുടങ്ങി. ദോഷം സ്വാഭാവികമായും സൂര്യക്കു തന്നെ. ഈ തരംഗം ഏറെക്കാലത്തേക്കു കാണില്ലെന്ന പ്രതീക്ഷയില്‍ സൂര്യ സീരിയലുകളുമായിത്തന്നെ മുന്നൊട്ടു പൊവുകയാണ്. കൈരളിയില്‍ റിയാലിറ്റി ലേബലില്‍ ഇതിനൊടകം ഏറെ ഷോകള്‍ അവതരിപ്പിക്കപ്പെട്ടു.ഒന്നും അങ്ങോട്ട് ക്ലച്ച് പിടിക്കുന്നില്ലാ..ടി.അര്‍.പി ചാര്‍ട്ട് നോക്കിയാല്‍ ഇതിലും വിശേഷമാണു കാര്യങ്ങള്‍. സ്ഥിരമായി മൂന്നു മലയാളം ചാനലുകളേ അതില്‍ ഇടം പിടിക്കുന്നുള്ളൂ. ഏഷ്യാനെറ്റ്, സൂര്യ, കിരണ്‍. നിലവാരം കൂടിയും കുറഞ്ഞുമിരിക്കും…
അപ്പോ..നമ്മള്‍ പറഞ്ഞു വന്നത്, ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിന്‍റെ ജനസമ്മതിയുടെ രഹസ്യത്തെപ്പറ്റിയാണ്. എന്താണു നിങ്ങളുടെ അഭിപ്രായം? രേഖപ്പെടുത്തുക…