February 28, 2008

റിയാലിറ്റി പിന്നില്‍ - സീരിയല്‍ മുന്നില്‍

റിയാലിറ്റി ഷോകള്‍ സീരിയലകളുടെ അന്തകന്മാരാണെന്ന പ്രചരണം കേരളത്തിലാണ്‌ കൂടുതല്‍ ഉയര്‍ന്നു കേട്ടത്. സീരിയലുകള്‍ പച്ച പിടിക്കാഞ്ഞ ചില മലയാളം ചാനലുകള്‍ക്ക് റിയാലിറ്റി ലേബലില്‍ വന്ന അനേകം ഷോകള്‍ കച്ചിത്തുരുമ്പായി എന്നു മാത്രമല്ല, പ്രേക്ഷകരെ നേടാനുമായി. 2007 ജൂണ്‍-ജൂലൈ മാസത്തോടെ സീരിയല്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ ഇടിവു നേരിടുകയും ചെയ്തു.ഈ പ്രതിസന്ധി മലയാളം ചാനലുകളില്‍ മാത്രമായിരുന്നു ! മാത്രമല്ല ഒട്ടുമിക്ക മലയാള ചാനലുകളിലും പ്രൈം ടൈമില്‍ ദിവസേന ഇത്തരം ഷോകളുണ്ടെങ്കിലും ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ മാത്രമാണ്‌ ടാം റേറ്റിംഗില്‍ മുന്നിലെത്തിയിരുന്നുള്ളൂ. അധികമായാല്‍ അമൃതും വിഷം എന്നു പറഞ്ഞതുപോലെ അല്ലെങ്കില്‍ സീരിയല്‍ നിര്‍മ്മാതാക്കള്‍ മനോരമ ന്യൂസിലൂടെ മാസങ്ങള്‍ക്കു മുന്‍പേ പ്രസ്താവിച്ചതുപോലെ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു.
ടാം ഡാറ്റ പ്രകാരം കഴിഞ്ഞ ചില ആഴ്ചകളായി സ്റ്റാര്‍ സിംഗറിനെ പിന്നിലാക്കി സീരിയല്‍ മുന്നിലെത്തിയിരിക്കുകയാണ്‌. അതു മാത്രമല്ല, സ്റ്റാര്‍ സിംഗര്‍ അവസാനത്തോടടുക്കുകയാണെന്നു അറിയുന്നു. സ്റ്റാര്‍ സിംഗറും ഒപ്പം മുന്‍ ഷെഡ്യൂളനുസരിച്ച് അയ്യപ്പനും നിര്‍ത്തേണ്ടിവരുമെന്ന അവസ്ഥ വന്നപ്പോള്‍ അയ്യപ്പന്‍ എങ്ങിനെയും നീട്ടിയേതീരൂ എന്നായി ഏഷ്യാനെറ്റ്. അങ്ങനെ അയ്യപ്പന്‍ വലിച്ചു നീട്ടപ്പെട്ടിരിക്കുകയാണിപ്പോള്‍.. അതേ സമയത്തു തന്നെയാണ്‌ ചിപ്പിയും - രണ്‍ജിത്തും ചേര്‍ന്ന്‌ അവതരിപ്പിക്കുന്ന ഗുരുവായൂരപ്പന്‍ സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ചവക്കുന്നതു്‌, സൂര്യയില്‍.സ്റ്റാര്‍ സിംഗര്‍ തീര്‍ന്നാല്‍ വീണ്ടും മറ്റോരു റിയാലിറ്റി വരുമോ അതൊ സീരിയലിലേക്കു തന്നെ മടങ്ങിപ്പോകാമെന്ന "റിസ്കിന്‌" ഏഷ്യാനെറ്റ് തയ്യാറാവുമോ എന്നാണിപ്പൊള്‍ മിനിസ്ക്രീന്‍ ലോകം കാത്തിരിക്കുന്നതു്‌. റിയാലിറ്റി തന്നെയാവാം..വിഷയങ്ങള്‍ ഇനിയും എത്രയോ ബാക്കി !! എന്നാണ്‌ പ്രേക്ഷകന്റെ എളിയ അഭിപ്രായം.

4 comments:

chithrakaran ചിത്രകാരന്‍ said...

ഇന്നലെ ടി.വി.യില്‍ വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ മാത്രമുള്ള ഒരു ചാനല്‍ (അത്ര പ്രഫഷണലല്ലാത്ത കെട്ടും മട്ടിലും) കണ്ടിരുന്നു. കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായാണെന്നു തോന്നുന്നു. പ്രഫസര്‍ സി.ഐ.ജോസഫിന്റെ ലിസണിങ്ങിനെക്കുറിച്ചുള്ള നല്ലൊരു ക്ലാസ്സുണ്ടായിരുന്നു അതില്‍. അതുപോലുള്ള പരിപാടികളുണ്ടായാല്‍ ടി.വി. വിഢിപ്പെട്ടിയാണെന്ന് ആര്‍ക്കും പറയാനാകില്ല ...നിശ്ചയം.!!!

ഏ.ആര്‍. നജീം said...

ഈ വിഢിപ്പെട്ടി എന്നൊക്കെ പറയുന്നത് വെറുതെ ബുദ്ധിജീവി ചമയുന്ന മനുഷ്യരുടെ വിലയിരുത്തലുകള്‍ മാത്രമല്ലെ. കൊള്ളാത്ത പരിപാടി എന്ന് പറഞ്ഞ് ആരും ഒന്നും എടുക്കില്ലല്ലോ എല്ലാത്തിലും നല്ലതിന്റെ ഒരംശം ഉണ്ടാകും അതിനെ സ്വീകരിക്കുക. മറ്റുള്ളവ ഉപേക്ഷിക്കുക.. അത്ര തന്നെ

Suraj said...

കഴിഞ്ഞ രണ്ടാഴ്ച അപ്പൂപ്പന്‍ വീട്ടില്‍ താമസത്തിനുണ്ടായിരുന്നു. അപ്പൂപ്പന് ഉറങ്ങുന്ന 6 മണിക്കൂറൊഴിച്ച് ബാക്കി മുഴുവന്‍ സമയവും ടീ.വി തുറന്നിരിക്കണം - വെറുതേ പോരാ, ഏഷ്യാനെറ്റ് തന്നെ വേണം താനും. ഹൊ! രണ്ടാഴ്ച ഞാന്‍ ഞെളിപിരികൊണ്ടു ചവറ് സീരിയലുകളുടെയും അതിലും പറട്ടയായ റിയാലിറ്റി തോന്ന്യാസങ്ങളുടേയും കാഴ്ചയില്‍!
അയ്യപ്പന്‍ ആദ്യമായി ഒരു എപ്പിസോഡ് കണ്ടു. മല കയറി അവിടെ കുടിയിരുന്ന അയ്യപ്പന്റെ കഥയും കഴിണ്‍ജ് ഇപ്പോ കറുപ്പു സ്വാമീചരിതതിലാണ്‍ സീരിയല്‍ വലിഞ്ഞിഴയുന്നത്. അതിനിടയ്ക്ക് കറുപ്പുസ്വാമിക്ക് മുടിയാനായിട്ട് ഒര് പ്രേമം, പിന്നെ ഏതോ പെമ്പിളേടെ കൊച്ചിനു പക്കരം അച്ചന്‍ കോവിലില് സ്വത്ത് പ്രമാണം എഴുതിക്കൊടുക്കല്‍...എന്റമ്മോ! പണ്ടു ചിത്രകഥകളിലും പിന്നെ ഗൌരവപ്പെട്ട പുസ്തകങ്ങലിലുമൊക്കെ വായിച്ചിട്ടുള്ള ധര്‍മ്മശാസ്താ പുരാണത്തെ ഇത്രയ്ക്ക് വെറുപ്പിക്കുന്ന ഒരു തറ പരിപാടി ...ചിന്തിക്കാനാവുന്നില്ല!
ഗുരുവായൂരപ്പന്‍, ശ്രീകൃഷ്ണലീല, ഇനി അമൃതയില്‍ സിബിഐ ഡയറിക്കുറിപ്പ് എടുത്ത കേ. മധുവിന്റെ വക കുമാരസംഭവം - എല്ലാം കൂടെയാകുമ്പോ ഇനി നാട്ടാര് ദൈവങ്ങളെത്തന്നെ വെറുക്കും!
ഡിസ്കവറിയിലും അനിമല്‍ പ്ലാനറ്റിലും ഹിസ്റ്ററി ചാനലിലും കാണുന്ന പരിപാടികള്‍ കാണുമ്പോള്‍ സത്യത്തില്‍ കൊതിയായിട്ടുണ്ട്, ആ പരിപാടികളില്‍ ഒന്നോ രണ്ടോ എണ്ണമെങ്കിലും മലയാളത്ത്തില്‍ ഡബ്ബ് ചെയ്ത് കാണിച്ചിരുന്നെങ്കിലെന്ന്. മലയാളീ‍ടെ രണ്ട് അന്ധവിശ്വാസമെങ്കിലും കുറഞ്ഞേനെ !

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ടി.വി. ഒരു വിഡ്ഡിപ്പെട്ടിയല്ല. കച്ചവട സംസ്കാരത്തിന്റെ സമര്‍ത്ഥമായ ഒരു ഉപകരണം തന്നെയാണത്.
പൈങ്കിളി സീരിയലുകളിലൂടെയും, റിയാലിറ്റി ഷോ എന്ന സീരിയലിന്റെ തന്നെ മറ്റൊരു പതിപ്പിലൂടെയും, ക്രിക്കറ്റിലൂടെയും, ഭക്തികച്ചവടത്തിലൂടെയും, ലൈംഗികതയിലൂടെയും,
മനുഷ്യന്റെ മൃദുല വികാരങ്ങളെ ഉത്തേജിപ്പിച്ച് അടിമയാക്കുന്ന ഒരേര്‍പ്പാട്. കാശുണ്ടെങ്കില്‍ പാര്‍ട്ടിക്കും പള്ളിക്കും കൈ വരിക്കാവുന്ന നിസ്സാര കാര്യം. സദുദ്ദേശപരമായ പരിപാടികള്‍ പേരിനു കാണിക്കാറുണ്ടെങ്കിലും അതെല്ലാം ആള്‍ക്കാര്‍ ഉറങ്ങുകയോ, ജോലിക്കു പോവുകയോ ചെയ്യുന്ന സമയത്തായിരിക്കും. രാമായണം എന്ന മെഗാസീരിയല്‍ അദ്വാനി എന്ന കുശാഗ്രബുദ്ധിക്കു രഥയാത്ര നടത്താനും, പിന്നീട് ബി.ജെ.പി. എന്ന പാര്‍ട്ടിക്കു ജന്മം നല്‍കാനും സഹായകമായെങ്കില്‍ അതിനു കളമൊരുക്കിയത് ഇന്ത്യയിലെ ടെലിവിഷന്‍ വിപ്ലവമായിരുന്നില്ലേ?