August 11, 2008

ഒളിക്യാമറ - ആരാണ്‌ പ്രതി?

ക്യാമറ മൊബൈലുകളുടെ വ്യാപക പ്രചാരവും, അവയുടെ ഗുണ ദോഷങ്ങളും ബൂലോകത്തിലും പത്ര മാസികകളിലും ധാരാളം ചര്‍ച്ച ചെയ്യപ്പെട്ട വിഷയം തന്നെ. ദിനം പ്രതി 3GP വീഡിയോകള്‍ പുറത്തിറങ്ങുന്നുമുണ്ട്. അങ്ങനെ അടുത്തിടെ ഇ-മെയിലുകള്‍ വഴി പ്രചരിച്ച ഒരു വീഡിയൊ - ഒരു ലേഡീസ് ടോയ് ലെറ്റിനു മുകളില്‍ നിന്നും എടുത്ത ദൃശ്യങ്ങള്‍. തങ്ങളുടെ താല്പര്യമനുസരിച്ച് ഒരോരോ കോളേജിന്റെ പേരും ചേര്‍ത്ത് പലരും അത് ഫോര്‍വേഡ് ചെയ്തു കൊണ്ടിരുന്നു.

പക്ഷേ, ഈ വീഡിയോ എടുത്തവനെ അല്ലെങ്കില്‍ എടുത്തവരെ കടത്തി വെട്ടി, നമ്മുടെ ഇന്ത്യാ വിഷന്‍ ഇന്നലെ ! പലരും കണ്ടുകാണും. ഇന്ത്യാ വിഷന്റെ ന്യൂസ് നൈറ്റില്‍ ഇതായിരുന്നു മെയിന്‍ സബ്ജക്റ്റ്. ഈ വീഡിയോ വിശദമായി സ്ക്രീനില്‍ തുടര്‍ച്ചയായി ഇരുപത് മിനിറ്റിലധികം പ്രദര്‍ശിപ്പിച്ച് ഇന്ത്യാവിഷന്‍ കാണികളെ നാണിപ്പിച്ചു കളഞ്ഞു. ഇന്റര്‍നെറ്റ് വഴി എത്ര പ്രചരിച്ചാലും ഒരു ചിത്രത്തിനോ വീഡിയോയ്ക്കോ എത്താവുന്നതിനൊരു പരിധിയുണ്ട്. എന്നാല്‍ ടെലിവിഷന്‍ വഴി പ്രൈം ടൈമില്‍ സംപ്രേക്ഷണം ചെയ്യുന്നൊരു വിഷ്വലിന്റെ റീച്ച് അത്ര വലുതാണ്‌. കേരളത്തിനു പുറത്തും വിദേശരാജ്യങ്ങളിലുമെല്ലാം ഇന്ന് മലയാളം ചാനലുകള്‍ എത്തുന്നു. ഇത്രയും കാലം ഇതൊന്നും കണ്ടിട്ടില്ലാത്ത (കേട്ടിരിക്കാം) എത്രയോ ആളുകള്‍ക്ക് സംഭവം വിശദമായി കാട്ടിക്കൊടുക്കാനേ ഇതുപകരിക്കൂ. ഇതിനെക്കുറിച്ച് ഒരു ചര്‍ച്ച നടത്തി ജനങ്ങളെ നല്ല നടപ്പ് പഠിപ്പിക്കാനോ, ഇതില്ലായ്മ ചെയ്യാനോ, കൂടുതല്‍ ശ്രദ്ധിച്ച് ജീവിക്കണമെന്നോര്‍മ്മിപ്പിക്കാനോ ഒന്നുമായിരുന്നില്ല ചാനലിന്റെ ഉദ്ദേശ്യം എന്ന് വ്യക്തം. കൊടിയ മല്‍സരത്തിന്റെ, ഫസ്റ്റ് വിഷ്വല്‍സിന്റെ, എക്സ്ക്ലൂസീവ് വാര്‍ത്ത്കളുടെ ഇക്കാലത്ത് എന്തു കാട്ടിയും മുന്നിലെത്താനുള്ള ത്വരയാണോ അതോ തങ്ങള്‍ കാട്ടിയില്ലെങ്കില്‍ ഇത് മറ്റാരെങ്കിലും കാണിച്ച് പേരെടുത്താലോ എന്ന ആശങ്കയാണോ ഇന്ത്യാ വിഷനെ ഇതിനു പ്രേരിപ്പിച്ചതെന്നറിയില്ല. ഒറ്റ വാക്കില്‍ കഷ്ടമായിപ്പോയി. കുടുംബ സമേതം ടിവി കാണുന്നവന്റെ അവസ്ഥ ! ഇന്ത്യാ വിഷനെ കാണുമ്പോള്‍ നികേഷ് കുമാറിനെയും, ഏഷ്യനെറ്റിനെപ്പറ്റി പറയുമ്പോള്‍ ടി.ഗോപിനാഥനെയും സൂര്യയെപ്പറ്റി പറയുമ്പോള്‍ അനില്‍ നമ്പ്യാരെയും ഒക്കെയാണോര്‍മ്മ വരിക. നികേഷ്, ഇതു താങ്കളറിയാതെ നടന്നതായിരിക്കില്ല, ഞങ്ങള്‍ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇതൊക്കെ കുറേ കടന്ന കയ്യാണ്‌, ഇതൊന്നും വേണമെന്നില്ല, ഞങ്ങള്‍ക്ക് ടിവി കാണാന്‍.

11 comments:

ബൈജു സുല്‍ത്താന്‍ said...

കണ്ടു, മേല്പറഞ്ഞ പോലെ ഇതു വേണ്ടായിരുന്നു. ഇനി എന്തൊക്കെ കാണേണ്ടി വരുമോ ആവോ?

ഇട്ടിമാളു അഗ്നിമിത്ര said...

ആരാണ് പെണ്ണിന്റെ വിലയിടിയുന്നെന്ന് പറഞ്ഞെ.. നല്ല വിലയല്ലെ?

ഈ ഒരു പരിപാടികൊണ്ട് റേറ്റിംഗ് നന്നായി ഉയര്‍ന്നുകാണുമല്ലെ..

Ignited Words said...

ഇന്‍ഡ്യാ വിഷനും മുന്നെ ഏഷ്യാനെറ്റ് ഇതു സം‌പ്രേക്ഷണം ചെയ്തിരുന്നു. എല്ലാവര്‍ക്കും റേറ്റ് കൂട്ടുക എന്നുള്ളതു തന്നെ ഉദ്ദേശം..;)

Nachiketh said...

)-

അനില്‍@ബ്ലോഗ് // anil said...

ആരും മോശമല്ല, ഏഷ്യനെറ്റില്‍ കണ്ടിരുന്നു. വേണ്ടിവന്നാല്‍ ചാനലുകള്‍ തന്നെ അവിടെ കാമെറ പിടിപ്പിച്ചു വാര്‍ത്തയിടും.ഒറ്റ പരിഹാരമേയുള്ളൂ സ്ത്രീകള്‍ പരസ്യമായി മൂത്രമൊഴിച്ചു തുടങ്ങുക.അപ്പോള്‍ പിന്നെ രഹസ്യ പടം പിടുത്തം വേണ്ടല്ലൊ. വേറെന്തു ചെയ്യും?

തണല്‍ said...

അനില്‍,കൊടുകൈ!

OAB/ഒഎബി said...

കച്ചോടം മുട്ടിക്കല്ലേ ജനങ്ങളേ...
അനിലേ അതു കൊണ്ട് തൃപതരാവുമോ കാണികള്‍.

ഇട്ടിമാളു അഗ്നിമിത്ര said...

അനില്‍ .....

മതിലുകണ്ടാല്‍ മൂത്രമൊഴിക്കാന്‍ മുട്ടുന്ന ആണുങ്ങള്‍ എല്ലാം ചേര്‍ന്ന് വരുത്തുന്ന പരിസരമലിനീകരണം തന്നെ സഹിക്കാന്‍ വയ്യ.. ഇനി അതിന്റെ കൂടെ പെണ്ണുങ്ങള്‍ കൂടി തുടങ്ങിയാല്‍..

എന്നാലും ആ തീപ്പൊരി ചിന്തക്കൊരു സ്പെഷല്‍ സല്യൂട്ട്.. ഒന്നുമല്ല, മറച്ചുവെക്കുന്നതല്ലെ മറഞ്ഞു കാണാന്‍ കൊതിക്കുള്ളു.. :)

Areekkodan | അരീക്കോടന്‍ said...

ഇട്ടിമാളൂ....ഈ രീതിയില്‍ ചര്‍ച തുടര്‍ന്നാല്‍ അത്‌ ഇന്ത്യാവിഷനും ഏഷ്യാനെറ്റും കാണിച്ചതിലും കൂടുതല്‍ റേറ്റ്‌ ചെയ്യപ്പെടും.

ഇട്ടിമാളു അഗ്നിമിത്ര said...

അരീക്കോടാ.. എനിക്കിട്ടൊരു കൊട്ടാണല്ലൊ.. സ്വീകരിച്ചു.. :)

അപ്പൊ റേറ്റിങ് കൂട്ടണ്ട.. ഞാന്‍ പിന്മാറി.. :)

Baiju Elikkattoor said...

ഇന്ത്യാവിഷനില്‍ വന്നത് കണ്ടില്ല, എങ്കിലും പലപ്പോഴും തോന്നിയിട്ടുള്ള ചില കരിയ്ങ്ങള്‍ പറയട്ടെ. ദ്രിശ്ര്യ മാദ്ധ്യമങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു code of conduct ഏര്‍പ്പെടുത്തണം. മാധ്യമങ്ങള്‍ സ്വയം നിയന്ത്റിച്ചില്ലെങ്കില്‍ ഒരു നിയമ പരിതി നിച്ചയിക്കുന്നത് നല്ലതാണു. ഭീഭത്സമായ കൊലപാതക/അപകട/ആത്മഹത്യ ദൃശ്യങ്ങള്‍, വലിയ അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ അങ്ങനെ കാണുന്ന വ്യക്തിയുടെ മനസ്സില്‍ പ്രതിലോമ വികാരങ്ങള്‍ ഉണര്‍ത്തുന്ന ദൃശ്യങ്ങള്‍ കഴിയുന്നതും ഒഴിവാക്കുകയോ അല്ലെങ്കില്‍ ഒന്നോ രണ്ടോ സെക്കന്റ് മാത്രം മിന്നിമാരയുന്നമാതിരി കണിക്കുകയവും ശരി. അപകടങ്ങളിലും മറ്റും മരിച്ചവരുടെ അവര്‍ ജീവിച്ചിരുന്നപ്പോള്‍ ഉള്ള ഫോട്ടോകള്‍ കാണിക്കാമല്ലോ. അവരുടെ ചിന്നഭിന്നമായ ശരീരവും അവയവങ്ങളും, അഴുകിത്തുടങ്ങിയ ശവശരീരങ്ങള്‍ എന്നിവ യാതൊരു നിയന്ദ്രണവും ഇല്ലാതെ തുടരെ തുടരെ പ്രദര്‍ശിപ്പിക്കുന്നതു ആ വ്യക്തികളോട് കാണിക്കുന്ന അനാതരവല്ലേ. വ്യക്തി മരിച്ചാലും human dignity എന്നൊന്നില്ലേ. അതുപോലെ വെറുപ്പുളവാക്കുന്ന ചില പരസ്യങ്ങള്‍ - സിനിമ/സീരിയല്‍ നടന്‍മാര്‍ ക്ലോസറ്റ്‌ വൃത്യക്കുവാന്‍ വരുന്ന ചിലത്. ഭക്ഷണത്തിന് മുന്നിളിരിക്കുംബോലയിരിക്കും ഒരു ക്ലോസേടിന്റെ close-up ഉം പല്ലിളിച്ചു നില്ക്കുന്ന ഒരു നടനും. ദ്രിസ്യ മാധ്യമങ്ങള്‍ മറ്റെണ്ടിനെക്കളും മനുഷ്യന്റെ സ്വകരിയതയില്‍ കടന്നുകയരുന്നതാണ്, അപ്പോള്‍ അതിനനുസരിച്ചുള്ള സംയമനം പാലിക്കെണ്ടുന്നത് ചാനലുകളുടെ കടമയാണ്. അല്ലാതെ മുനിസിപ്പാലിറ്റി കുപ്പ വണ്ടി കൊണ്ടു തട്ടുന്നത് പോലെ എന്തും പ്രേക്ഷകന്റെ നേരെ വലിച്ചെറിയരുത്. ചാനലുകള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല എങ്കില്‍ തക്കതായ നിയമനിര്‍മ്മനതിലൂടെ നിയന്ദ്രണം കൊണ്ടുവരേണ്ടത് വളരെ ആവശ്യമാണ്.