August 11, 2008

കെ.കെ.രാജീവ്

കെ.കെ.രാജീവ് - സക്കായി മാപ്ല - കലാശാല ബാബു

മലയാള ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയനായ സംവിധായകന്‍ കെ.കെ.രാജീവ്, താന്‍ ചെയ്ത വര്‍ക്കുകള്‍ കൊണ്ടു മാത്രം പ്രശസ്തനായ ഒരു പ്രതിഭയാണ്‌. എന്റെ പരിമിതമായ ഓര്‍മ്മകളില്‍‍ പരതുമ്പോള്‍ "പ്രയാണം"ആണദ്ദേഹത്തിന്റെ ആദ്യ സീരിയല്‍, സാറ്റലൈറ്റ് ചാനലുകളില്‍. വി.പി.രാമചന്ദ്രന്‍ പ്രധാന വേഷത്തിലഭിനയിച്ച ആ സീരിയല്‍ സൂര്യ ടിവിയിലായിരുന്നു. അന്ന് ഇന്നത്തെപ്പോലെ മെഗാ സീരിയല്‍ സംസ്കാരം കേരളത്തിലെത്തിയിട്ടില്ല. ആഴ്ചയിലൊരിക്കല്‍ ഒരെപ്പിസോഡ്. അതിനു ശേഷം സൂര്യയില്‍ത്തന്നെ "പെയ്തൊഴിയാതെ". ജയഭാരതിയും തിലകനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ആ സീരിയല്‍ വളരെ ശ്രദ്ധേയമായിരുന്നു. മല്ലിക സുകുമാരന്‍, പൂര്‍ണ്ണിമ, മായാ മൗഷ്മി, ഇബ്രാഹിം കുട്ടി ഇവരൊക്കെയായിരുന്നു മറ്റു താരങ്ങള്‍. മലയാള സീരിയല്‍ രംഗത്ത് ഒരു പുതിയൊരനുഭവമായിരുന്നു "പെയ്തൊഴിയാതെ". ഒരു വന്‍ ഹിറ്റായിരുന്നു ആ സീരിയല്‍. പിന്നീട് ഒന്നിനു പിറകെ മറ്റൊന്നായി സൂര്യയില്‍ തന്നെ കെ.കെ.രാജീവ് സീരിയലുകള്‍ തുടര്‍ന്നു. പൊരുത്തം, വേനല്‍ മഴ... ഇതില്‍ വേനല്‍ മഴ വളരെ നല്ലൊരു പ്രൊജക്റ്റായിരുന്നു. മമ്മൂട്ടിയുടെ അനുജന്‍ ഇബ്രാഹിം കുട്ടിയായിരുന്നു നിര്‍മ്മാതാവ്‌. രതീഷ്, ശ്രീവിദ്യ എന്നിവര്‍ പ്രധാന വേഷങ്ങളില്‍. അതിനു ശേഷം ഏഷ്യാനെറ്റ് ക്യാമ്പിലെത്തിയ രാജീവിന്റെ അമ്മ മനസ്സായിരുന്നു ഏറ്റവും പേരുകേട്ട വര്‍ക്ക്.

"കുടുംബയോഗം" - മലയാള സീരിയല്‍ സങ്കല്പങ്ങള്‍ക്കെതിരെ സഞ്ചരിക്കുന്നൊരു കഥയുമായി എത്തിയ കെ.കെ.രാജീവിന്‌ ഇത്തവണ താവളമായത് സൂര്യ ടിവിയായിരുന്നു. അതീന്ദ്രിയ ജ്ഞാനമുള്ളോരു പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചൊരു കഥ. അവിശ്വസനീയമായി തോന്നാവുന്ന അല്‍ഭുത സിദ്ധികളുള്ള മറ്റു കഥാപാത്രങ്ങളും. ഈ സീസണില്‍ ഗുരുവായൂരപ്പന്‍ കഴിഞ്ഞാല്‍ ഏറ്റവും നിലവാരമുള്ള സീരിയലായിരുന്നു കുടും‍ബയോഗം. കുടുംബയോഗത്തില്‍ ആദ്യം മുതല്‍ അവസാനം വരെ തിളങ്ങിയൊരു കഥാപാത്രമുണ്ട്. നായകന്‍ സക്കായി മാപ്ല. അനുഗ്രഹീത നടന്‍ കലാശാല ബാബു തകര്‍ത്തഭിനയിച്ച വേഷം. കുടുംബയോഗത്തില്‍ മറക്കാനാവാത്ത മൂന്നു കഥാപാത്രങ്ങളുണ്ട്. ഒരു പക്ഷേ, ഒരു കെ.കെ.രാജീവ് പരമ്പരയില്‍ മാത്രം കാണാവുന്ന നല്ല ഡെപ്തുള്ള പാത്ര സൃഷ്ടികള്‍. സക്കായി മാപ്ല, ആശ്രിതനും എന്തിനും കൂട്ടുനില്‍ക്കുന്നവനുമായ വത്തിക്കാന്‍, ഒപ്പം എല്ലാം സഹിക്കുകയും സ്വയം ഏറ്റുവാങ്ങുകയും അപൂര്‍വ്വമായി പൊട്ടിത്തെറിക്കുകയും ചെയ്യുന്ന തത്തമ്മ.

കലാശാല ബാബുവിന്റെ പ്രകടനം തന്നെയാണ്‌ കൂട്ടത്തില്‍ മികച്ചുനിന്നത്. സക്കായിയെന്ന ക്രൂരനായി, തന്റെ കാര്യ സാധ്യത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്തവനായി, ക്രൗര്യം തുളുമ്പുന്ന ഭാവങ്ങളുമായി ബാബു ആ വേഷം അനശ്വരമാക്കി.

നല്ലൊരു പരമ്പരയായിട്ടുകൂടി അകാലത്തില്‍ പൊലിയേണ്ടി വന്ന അവസ്ഥയായിരുന്നു കുടുംബയോഗത്തിനും. ഇവിടെ വില്ലനായത് റേറ്റിംഗാണ്‌. പൂര്‍ണ്ണമായും പ്രൈം ടൈം റേറ്റിംഗ് അടിസ്ഥാനമാക്കി മുന്നോട്ട് നീങ്ങുന്ന സൂര്യയില്‍ കുടുംബയോഗത്തിന്‌ വഴിമാറിക്കൊടുക്കേണ്ടിവന്നു. സ്ഥിരം സീരിയല്‍ ട്രാക്കില്‍ നിന്നും മാറി കണ്ണീരിന്‌ പ്രാധാന്യം നല്‍കാതെ ഒരു പരീക്ഷണ പരമ്പരയുമായി വന്ന കെ.കെ.രാജീവിനെ പ്രേക്ഷകര്‍ കാര്യമായി തുണച്ചില്ല.

ഇത്തരം ഒരു പ്രൊജക്ടുമായി സഹകരിച്ച സൂര്യ ടിവി, ഇനിയും പുതുമകളുമായി വരുന്ന രാജീവുമാരെ സ്വാഗതം ചെയ്യണമെന്നാണ്‌ പ്രേക്ഷകന്റെ അഭിപ്രായം.

2 comments:

ഏറനാടന്‍ said...

കെ.കെ.രാജീവിന്റെ 'ഓര്‍മ' സീരിയല്‍ മറന്നുവല്ലേ പ്രേക്ഷകാ? അതും ഹിറ്റായിരുന്നു. ഓര്‍മ ഞാന്‍ ഒരിക്കലും ഓര്‍ക്കാതിരിക്കില്ല. ബികോസ്, ഞാന്‍ അതില്‍ നായകന്റെ സുഹൃത്തായിട്ട് പൈലറ്റ് എപ്പിസോഡില്‍ അഭിനയിച്ചിട്ടുണ്ട്. :)

കാവാലം ജയകൃഷ്ണന്‍ said...

അതിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കു നടക്കുന്ന സമയത്ത് ഞാന്‍ ആ വാര്‍ഡിലൊക്കെ കറങ്ങി നടക്കുന്നുണ്ടായിരുന്നു... പക്ഷേ കൈ വയ്ക്കാന്‍ ഭാഗ്യം കിട്ടിയില്ല